dyfi

കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ ഡി വൈ എഫ് ഐ നേതാക്കൾക്ക് ജാമ്യം. ഡി വൈ എഫ് ഐ സംസ്ഥാനസമിതി അംഗമായ കെ അരുണടക്കമുള്ള അഞ്ച് നേതാക്കൾക്കാണ് മെഡിക്കൽ കോളേജ് പരിസരത്ത് പ്രവേശിക്കരുത് എന്ന ക‌ർശന ഉപാധിയോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇവർ സെപ്തംബർ ആറ് മുതൽ റിമാൻഡിൽ തുടരുകയായിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ കോഴിക്കോട് പ്രൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു.

ഓഗസ്റ്റ് 31ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതികളെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനെ തുടർന്ന് പതിനഞ്ച് പേരടങ്ങുന്ന ഡി വൈ എഫ് ഐ പ്രവർത്തകർ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരെ സംഘം ചേർന്ന് മർദ്ദിച്ചിരുന്നു. സംഭവത്തിൽ മൂന്ന് സുരക്ഷാ ജീവനക്കാർക്കും ആക്രമണദൃശ്യം പകർത്താൻ ശ്രമിച്ച ഷംസുദ്ധീൻ എന്ന മാദ്ധ്യമ പ്രവർത്തകനും മർദ്ദനമേറ്റു. പരാതിപ്പെട്ടിട്ടും വിഷയത്തിൽ പൊലീസ് നടപടിയ്ക്ക് കാലതാമസമുണ്ടായത് പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു ഒടുവിൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡി വൈ എഫ് ഐ സംസ്ഥാ ന കമ്മിറ്റി അംഗമായ കെ അരുണിനെയും പ്രാദേശിക നേതാക്കൾക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കുക ആയിരുന്നു. ഇതിൽ ആദ്യത്തെ അഞ്ചു പ്രതികളെയും പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല ഇവർ നേരിട്ട് കീഴടങ്ങുക ആയിരുന്നു.