
സ്റ്റോക്‌ഹോം : ഈ വർഷത്തെ സാമ്പത്തികശാസ്ത്ര നോബൽ യു.എസ്സുകാരായ മൂന്നു പേർ പങ്കിട്ടു. ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധിയെയും സംബന്ധിച്ച ഗവേഷണത്തിന് ബെൻ എസ്. ബെർണാംകി, ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്, ഫിലിപ് എച്ച്. ഡിബ്‌വിഗ് എന്നിവർക്കാണ് പുരസ്‌കാരം.
ജോർജിയ സ്വദേശിയായ ബെൻ (68) വാഷിംഗ്ടണിലെ ദ ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ ഇക്കണോമിക് സ്റ്റഡീസ് സീനിയർ ഫെലോ ആണ്. ഡഗ്ലസ് (69) യൂണിവേഴ്സിറ്റി ഒഫ് ഷിക്കാഗോയിലെ ബൂത്ത് സ്കൂൾ ഒഫ് ബിസിനസിൽ ധനകാര്യ പ്രഫസറാണ്. ഫിലിപ് (67) വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഒലീൻ ബിസിനസ് സ്കൂളിൽ ബാങ്കിംഗ് ആൻഡ് ഫിനാൻസ് പ്രൊഫസറാണ്.
ബാങ്കുകൾ നേരിടുന്ന വെല്ലുവിളികൾ, ബാങ്കുകളുടെ തകർച്ച സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നത് എങ്ങനെ, ബാങ്ക് തകർച്ച എങ്ങനെ ഒഴിവാക്കാം എന്നിവയിൽ ആധുനിക അറിവുകൾക്ക് 1980 കളുടെ തുടക്കത്തിൽ ഇവർ നടത്തിയ കണ്ടെത്തലുൾ വഴിതെളിച്ചെന്ന് റോയൽ സ്വീഡിഷ് അക്കാഡമി ഒഫ് സയൻസസ് പറഞ്ഞു.
ജോർജ് ബുഷ്, ബറാക് ഒബാമ എന്നിവരുടെ കാലയളവിൽ യു.എസ് ഫെഡറൽ റിസർവിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ബെൻ എസ്. ബെർണാംകി. 2005 - 2006ൽ യു.എസ് കൗൺസിൽ ഒഫ് ഇക്കണോമിക് അഡ്വൈസേഴ്സിന്റെ ചെയർമാനുമായിരുന്നു. 2008ലെ സാമ്പത്തിക മാന്ദ്യ കാലയളവിൽ ഫെഡറൽ റിസർവിനെ നയിച്ചത് ബെൻ ആണ്. 2009ൽ ടൈം മാഗസിൻ ഇദ്ദേഹത്തെ പേഴ്സൺ ഒഫ് ദ ഇയറായി തിരഞ്ഞെടുത്തിരുന്നു.
അമേരിക്കൻ ഫിനാൻസ് അസോസിയേഷൻ, വെസ്റ്റേൺ ഫിനാൻസ് അസോസിയേഷൻ എന്നിവയുടെ മുൻ പ്രസിഡന്റാണ് ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്. ഡിബ്‌വിഗ് വെസ്റ്റേൺ ഫിനാൻസ് അസോസിയേഷന്റെ പ്രസിഡന്റായും വിവിധ സാമ്പത്തിക ശാസ്ത്ര ജേർണലുകളിൽ എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.