
തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ മാറ്റി. കോട്ടയത്ത് ചേർന്ന ബി,ജെ.പി കോർ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സന്ദീപ് വാര്യരെ നീക്കിയത് പാർട്ടിയുടെ സംഘടനാകാര്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. എന്തിന് മാറ്റി എന്നത് വിശദീകരിക്കേണ്ട കാര്യമില്ല, വക്താവ് സ്ഥാനത്തെക്കുറിച്ച് പാർട്ടിക്ക് ചില കാഴ്‌ചപ്പാടുകളുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു ഇതിനെ തുടർന്നാണ് നടപടി എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് വാര്യർക്കെതിരെ നാല് ജില്ലാ പ്രസിഡന്റുമാർ പരാതി നൽകിയെന്നും സൂചനയുണ്ട്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവദേക്കറുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.