
ഭുവനേശ്വറിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും
ഭുവനേശ്വർ : ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടർ-17 വനിതാ ലോകകപ്പിന് ഇന്ന് ഒഡിഷയിലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ തുടക്കമാക്കും. ആറ് വൻകരകളിൽ നിന്നായി 16 ടീമുകളാണ് ലോക കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ ആദ്യമായിവനിതാ ലോകകപ്പിൽ കളിക്കാൻ ഒരുങ്ങുന്നത്. ഇന്ന് രാത്രി എട്ടിന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
2020ൽ നടത്താനായാണ് ഫിഫ അണ്ടർ-17 വനിതാ ലോകകപ്പിന്റെ വേദി ഇന്ത്യയ്ക്ക് അനുവദിച്ചത്.എന്നാൽ കൊവിഡ് വന്നതോടെ ലോകകപ്പ് മാറ്റിവയ്ക്കേണ്ടിവന്നു.
ഇത് രണ്ടാം വട്ടമാണ് ഫിഫ ഒരു ലോകകപ്പ് വേദി ഇന്ത്യയ്ക്ക് അനുവദിക്കുന്നത്. 2017ൽ ഫിഫ അണ്ടർ 17 പുരുഷ ലോകകപ്പ് കൊച്ചിയടക്കമുള്ള ആറ് ഇന്ത്യൻ നഗരങ്ങളിൽ വച്ച് നടത്തിയിരുന്നു.
ഭുവനേശ്വർ,മഡ്ഗാവ്,നവി മുംബയ് എന്നിങ്ങനെ മൂന്ന് വേദികളിലായാണ് വനിതാ ലോകകപ്പ് നടക്കുന്നത്.
ഒക്ടോബർ 30ന് നവി മുംബയ്‌യിലാണ് ഫൈനൽ നടക്കുന്നത്. ലൂസേഴ്സ് ഫൈനലും ഇതേ വേദിയിൽ നടക്കും.
16 ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.ഗ്രൂപ്പ് പോരാട്ട്ളിൽ പോയിന്റ് നിലയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ വീതം ഓരോ ഗ്രൂപ്പിൽ നിന്നും ക്വാർട്ടർ ഫൈനലിലെത്തും.
അമേരിക്ക,മൊറോക്കോ,ബ്രസീൽ എന്നിവർ കൂടിയടങ്ങുന്ന എ ഗ്രൂപ്പിലാണ് ഇന്ത്യ മത്സരിക്കുന്നത്. സ്പെയ്നാണ് നിലവിലെ ചാമ്പ്യന്മാർ.
8pm മുതൽ സ്പോർടസ് 18 ചാനലിലും വൂട്ട് സെലക്ട് ആപ്പിലും ലൈവ്
ഗ്രൂപ്പ് എ
ഇന്ത്യ,അമേരിക്ക,മൊറോക്കോ,ബ്രസീൽ
ഗ്രൂപ്പ് ബി
ജർമ്മനി,നൈജീരിയ,ചിലി,ന്യൂസിലാൻഡ്
ഗ്രൂപ്പ് സി
സ്പെയ്ൻ,കൊളംബിയ,മെക്സിക്കോ,ചൈന
ഗ്രൂപ്പ് ഡി
ജപ്പാൻ,ടാൻസാനിയ,കാനഡ,ഫ്രാൻസ്
ഇന്ത്യയുടെ മത്സരങ്ങൾ
1. Vs അമേരിക്ക
ഇന്ന്
2.Vs മൊറോക്കോ
ഒക്ടോബർ 14
3.Vs ബ്രസീൽ
ഒക്ടോബർ 17