ukraine-missile-strike

കീവ്: ക്രിമിയയിൽ റഷ്യയുടെ അഭിമാന നിർമിതിയായ കെർച്ച് പാലത്തിലെ സ്ഫോടനത്തിന് പിന്നാലെ യുക്രെയിൻ തലസ്ഥാനത്തെ ലക്ഷ്യം വെച്ച് കനത്ത മിസൈൽ ആക്രമണമാണ് റഷ്യ നടത്തുന്നത്. യുക്രെയിനിലേയ്ക്ക് കരമാർഗം ആയുധങ്ങൾ എത്തിക്കുന്നതിൽ സുപ്രധാന ഇടനാഴിയായ കെർച്ച് പാലം, 'തകർക്കാൻ കഴിയാത്തത്' എന്നായിരുന്നു റഷ്യയുടെ വാദം. അത് കൊണ്ട് തന്നെ വാതക ടാങ്കർ മൂലമുണ്ടായ സ്ഫോടനം എന്ന രീതിയിൽ ആക്രമണ സാദ്ധ്യത തള്ളിക്കളയാനായിരുന്നു റഷ്യ ആദ്യം ശ്രമിച്ചത്. പിന്നീട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഇതിനെ ഭീകരാക്രമണം എന്ന് വിശേഷിപ്പിക്കുകയും യുക്രെയിനുമായി ബന്ധപ്പെടുത്തുകയും ചെയ്തു. തുടർന്നുണ്ടായ മിസൈൽ ആക്രമണം യുക്രെയിന് മേൽ അക്ഷരാർത്ഥത്തിൽ തീമഴ വർഷിക്കുക ആയിരുന്നു.

ഇന്ന് രാവിലെ കീവിൽ റഷ്യ 75 മിസൈൽ ആക്രമണങ്ങൾ നടത്തിയതായി സർക്കാ‌ർ പ്രതിനിധികൾ വെളിപ്പെടുത്തി. മാസങ്ങൾക്ക് ശേഷമായിരുന്നു യുക്രെയിന്റെ തലസ്ഥാന നഗരമായ കീവിൽ റഷ്യ വീണ്ടും ആക്രമണം അഴിച്ചു വിടുന്നത്. കീവിലെ പ്രസിദ്ധമായ 'ബ്രിഡ്ജ് ഓഫ് ഗ്ളാസിൽ' മിസൈൽ ആക്രമണുണ്ടാകുന്നതിന്റെയും ലിവീവ്, ദിനിത്രി എന്നീ പ്രദേശങ്ങളിൽ മിസൈലുകൾ പതിച്ച് നാശനഷ്ടം സംഭവിക്കുന്നതിന്റയും ആളുകളുടെ മൃതദേഹങ്ങളടക്കം ചിതറിക്കിടക്കുന്നതിന്റെയും ഭീകരദൃശ്യങ്ങൾ മാദ്ധ്യമപ്രവർത്തകരടക്കം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതിനിടയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ദൃശ്യം ഇപ്പോൾ യുദ്ധത്തിന്റെ ഭീകരതയും അതോടൊപ്പം അരക്ഷിതാവസ്ഥയും ഒരു പോലെ വെളിപ്പെടുത്തി ലോകത്താകമാനം സോഷ്യൽ മീഡിയയിലൂടെയും വാർത്താ മാദ്ധ്യമങ്ങളിലൂടെയും പ്രചരിക്കുകയാണ്.

The Bridge of Glass in the very heart of Kyiv pic.twitter.com/CvsRfTEAoJ

— Illia Ponomarenko 🇺🇦 (@IAPonomarenko) October 10, 2022

സ്വയം ചിത്രീകരിക്കുന്ന വീഡിയോയിൽ കീവിൽ റഷ്യ നടത്തുന്ന നിഷ്ഠൂര്യമായ ആക്രമണത്തെക്കുറിച്ച് സംസാരിച്ചു വരികയായിരുന്നു യുക്രെയിൻ പെൺകുട്ടി. എന്നാൽ ഇതിനിടയിൽ തന്നെ റഷ്യ തൊടുത്തു വിട്ട ഒരു മിസൈൽ ഭീകര ശബ്ദത്തോടെ പെൺകുട്ടിയുടെ തലയ്ക്ക് മുകളിലൂടെ കുതിച്ചു പോകുന്നത് വീഡിയോയിൽ കാണാം. പെൺകുട്ടി . ഞെട്ടിത്തരിച്ച് നിൽക്കുന്നതിനിടയിൽ മിസൈൽ തൊട്ടടുത്ത് തന്നെ പതിച്ച് സ്ഫോടനവും നടക്കുന്നുണ്ട്.കീവിലെ ഷെവ്ചെങ്കോയിലെ പാർക്കിലാണ് സംഭവമുണ്ടായതെന്ന് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചയാൾ കുറിച്ചു.

Shevchenko Park in central Kyiv now. Probably the city’s busiest park, usually packed with people and street musicians pic.twitter.com/9kIS4rBiKq

— Matthew Luxmoore (@mjluxmoore) October 10, 2022

യുക്രെയിന്റെ പ്രധാന നഗരങ്ങളിലൊന്നായ സാപൊറീഷ്യയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. പത്ത് കുട്ടികൾ ഉൾപ്പെടെ 89 പേർക്കു പരുക്കേൽക്കുകയും ചെയ്തു. 20 വീടുകളും 50 അപ്പാർട്ട്‌മെന്റുകളും തകർന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രദേശത്ത് നടന്ന റഷ്യൻ ആക്രമണത്തിൽ 19 പേരും കൊല്ലപ്പെട്ടിരുന്നു. റഷ്യൻ ആക്രമണങ്ങൾക്ക് പിന്നാലെ രാജ്യം ഭീകരപ്രവർത്തകരെ നേരിടുകയാണെന്നും ഡസൻ കണക്കിന് മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. രാജ്യത്ത ഊർജ സംവിധാനവും ജനങ്ങളുമാണ് അവരുടെ ലക്ഷ്യമെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ കഴിയണമെന്നും സെലൻസ്‌കി അഭ്യർത്ഥിച്ചു.