p

കൊച്ചി: ശബരിമല തീർത്ഥാടക വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി നേരത്തെ സ്വമേധയാ പരിഗണിച്ച ഹർജിയുടെ ഭാഗമായാണ് ഇന്നലെ ടൂറിസ്റ്റ് ബസ് കേസുമെടുത്തത്. ബസുകളുടെ ഉൾവശം കളർ ബൾബുകളും ഹൈ പവർ ഓഡിയോയുമുള്ള ഡാൻസിംഗ് ഫ്ളോർ ആക്കരുതെന്നും മൾട്ടി ടോൺ ഹോണുകളും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും പാടില്ലെന്നും അന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുകൾ നിലനിൽക്കെയാണ് ഇവയൊക്കെ ലംഘിച്ച ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ടത്. ഈ ബസ് യാത്ര പുറപ്പെടുമ്പോൾ എടുത്ത വീഡിയോയടക്കം ഇന്നലെ കോടതി പരിശോധിച്ചു.

ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ, ആലത്തൂർ ഡിവൈ.എസ്.പി എന്നിവർ ഹാജരായി വിവരങ്ങൾ ധരിപ്പിച്ചു.

ആലുവ എം.ഇ.എസ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ നിയമ ലംഘനങ്ങളുള്ള ബസിൽ യാത്ര പോയതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ടും പ്രിൻസിപ്പൽ, യാത്രാച്ചുമതലയുള്ള അദ്ധ്യാപകൻ എന്നിവരുടെ വിവരങ്ങളും നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. മുമ്പ് ഗോവയിൽ അപകടത്തിൽപെട്ടതു എക്സ്‌പ്ളോഡ് എന്നു പേരുള്ള ഇതേ ബസാണെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. എടത്തല കോളേജിലെ കുട്ടികൾ പോയ ബസ് പിടികൂടി പെർമ്മിറ്റ് റദ്ദാക്കിയെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു.