
പെര്‍ത്ത്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ വിജയവുമായി രോഹിത് ശർമ്മയും സംഘവും. ഇന്നലെ വെസ്‌റ്റേൺ ഓസ്‌ട്രേലിയയെ 13 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. വെസ്‌റ്റേൺ ഓസ്‌ട്രേലിയയ്ക്ക് 20 ഓവറിൽ 145 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഇന്ത്യയ്ക്കായി സൂര്യകുമാർ യാദവ് 35 പന്തുകളിൽ മൂന്ന് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയോടെ 52 റൺസെടുത്തപ്പോൾ ദീപക് ഹൂഡ 22 റൺസ് നേടി. ഹാർദിക് പാണ്ഡ്യ 20 പന്തുകളിൽ 27 റൺസെടുത്തു. ദിനേശ് കാർത്തിക്ക് (19), അക്ഷർ പട്ടേൽ (10), ഹർഷൽ പട്ടേൽ (4), രോഹിത് ശർമ്മ(3) റിഷഭ് പന്ത് (9)എന്നിവരും ബാറ്റുചെയ്തു. വിരാട് കൊഹ്‌ലിയും കെ.എൽ.രാഹുലും ഇറങ്ങിയില്ല.
ബൗളിംഗിൽ ഇന്ത്യയ്ക്ക് വേണ്ടി യുവപേസർ അർഷ്ദീപ് സിംഗ് മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്നോവറിൽ ഒരു മെയ്ഡനടക്കം ആറുറൺസ് മാത്രം വിട്ടുനല്‍കിയ അർഷ്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാറും യൂസ്‌വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീതം നേടി