
കീവ്: ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച് പാലം തകർത്തതിന് തിരിച്ചടിയായി യുക്രെയിനിൽ മിസൈൽ വർഷിച്ചുള്ള റഷ്യൻ കടന്നാക്രമണത്തിൽ 11 സാധാരണക്കാർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണ സംഖ്യ ഉയർന്നേക്കും.
തലസ്ഥാനമായ കീവിൽ ഉൾപ്പെടെ ആക്രമണമുണ്ടായി. മാസങ്ങൾക്ക് ശേഷം ആദ്യമായാണ് കീവിനെ റഷ്യ ലക്ഷ്യം വച്ചത്. പ്രാദേശിക സമയം ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു മദ്ധ്യ കീവിൽ ആദ്യ സ്ഫോടനം.
കരയിലും കടലിലും ആകാശത്തും നിന്നും ആക്രമിച്ചു. ഇന്നലെ ഉച്ചവരെ മാത്രം റഷ്യ 81 ക്രൂസ് മിസൈലുകൾ പ്രയോഗിച്ചെന്നും ഇതിൽ 43 എണ്ണത്തെ തകർത്തെന്നും യുക്രെയിൻ പറഞ്ഞു. ഇറാനിയൻ ഡ്രോണുകളും റഷ്യ ഉപയോഗിച്ചു. യുക്രെയിനിലെ ഊർജ സംവിധാനങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ക്രൂസ് മിസൈലുകൾ വൈദ്യുതി, ജല വിതരണം തടസപ്പെടുത്തി. കീവിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പാർക്കുകളിലും നാശനഷ്ടങ്ങളുണ്ടായി. പടിഞ്ഞാറൻ യുക്രെയിനിലെ ലിവീവ്, ടെർനോപിൽ, സൈറ്റോമെയർ, മദ്ധ്യ യുക്രെയിനിലെ നിപ്രോ, ക്രെമെൻചക്, തെക്ക് സെപൊറീഷ്യ, കിഴക്ക് ഖാർക്കീവ് തുടങ്ങിയ വലിയ നഗരങ്ങളിലെല്ലാം സ്ഫോടനമുണ്ടായി.
ജർമ്മൻ കോൺസുലേറ്റിലും
മിസൈൽ പതിച്ചു
തങ്ങളുടെ കോൺസുലേറ്റിൽ മിസൈൽ പതിച്ച് നാശമുണ്ടായെന്ന് ജർമ്മനി ആരോപിച്ചു. കോൺസുലേറ്റ് ഫെബ്രുവരി 24 മുതൽ പ്രവർത്തന രഹിതമാണ്. റഷ്യൻ ആക്രമണത്തെ നാറ്റോയും യൂറോപ്യൻ യൂണിയനും അപലപിച്ചു. അതേസമയം, യുക്രെയിൻ തങ്ങളെയും ആക്രമിക്കുമെന്ന് ഉറപ്പുള്ളതിനാൽ പടിഞ്ഞാറൻ അതിർത്തിയിൽ റഷ്യൻ സൈന്യത്തെയും വിന്യസിക്കുമെന്ന് ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ പറഞ്ഞു.
റഷ്യൻ മണ്ണിനെ തൊടാൻ മുതിർന്നാൽ തിരിച്ചടി ഭീകരമായിരിക്കും
വ്ലാഡിമിർ പുട്ടിൻ,
റഷ്യൻ പ്രസിഡന്റ്
റഷ്യ ഞങ്ങളെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ ശ്രമിക്കുകയാണ്
സെലെൻസ്കി,
യുക്രെയിൻ പ്രസിഡന്റ്
ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശം
ന്യൂഡൽഹി: സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാൻ കീവിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്ക് നിർദ്ദേശം നൽകി. യുക്രെയിനിലുള്ളവർ എംബസിയുമായി ബന്ധപ്പെടണം.
സാധാരണക്കാരെ കൊലപ്പെടുത്തി സംഘർഷം രൂക്ഷമാക്കുന്നതിൽ ഇന്ത്യ അതീവ ഉത്കണ്ഠ രേഖപ്പെടുത്തുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും പാതയിലേക്ക് ഇരുരാജ്യങ്ങളു അടിയന്തരമായി മടങ്ങണം.