kk

കീവ്: റഷ്യ വീണ്ടും ആക്രമണം ശക്തമാക്കിയതിന് പിന്നാലെ യുക്രെയിനിലെ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യൻ എംബസി. യുക്രെയിൻ സർക്കാരും ഭരണകൂടങ്ങളും നൽകുന്ന സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. ഇന്ത്യൻ പൗരൻമാർ താമസസ്ഥലമടക്കമുള്ള പൂർണവിവരങ്ങൾ എംബസിയെ അറിയിക്കണം,​ യുക്രെയിനിലേക്കും യുക്രെയിനിനകത്തും അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം യുക്രെയിന്റെ പ്രധാന നഗരങ്ങളിലൊന്നായ സാപൊറീഷ്യയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. പത്ത് കുട്ടികൾ ഉൾപ്പെടെ 89 പേർക്കു പരുക്കേൽക്കുകയും ചെയ്തു. 20 വീടുകളും 50 അപ്പാർട്ട്‌മെന്റുകളും തകർന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രദേശത്ത് നടന്ന റഷ്യൻ ആക്രമണത്തിൽ 19 പേരും കൊല്ലപ്പെട്ടിരുന്നു. റഷ്യൻ ആക്രമണങ്ങൾക്ക് പിന്നാലെ രാജ്യം ഭീകരപ്രവർത്തകരെ നേരിടുകയാണെന്നും ഡസൻ കണക്കിന് മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. രാജ്യത്ത ഊർജ സംവിധാനവും ജനങ്ങളുമാണ് അവരുടെ ലക്ഷ്യമെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും സെലൻസ്കി അഭ്യർത്ഥിച്ചു.