
ന്യൂഡൽഹി: കേരളത്തിലെ ജയിലിൽ നിന്നും അസമിലെ ജയിലിലേക്ക് തന്നെ മാറ്റണമെന്ന് ആവശ്യവുമായി ഏറെ കോളിളക്കം സൃഷ്‌ടിച്ച ജിഷ വധക്കേസിലെ പ്രതി. താൻ അസം സ്വദേശിയാണെന്നും കുടുംബാംഗങ്ങളും ബന്ധുക്കളും അസമിലാണെന്നും സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ജിഷ കൊലക്കേസിൽ പ്രതിയായ അമിറുൾ ഇസ്ളാം പറയുന്നു. ദരിദ്രരായ തന്റെ കുടുംബാംഗങ്ങൾക്ക് തന്നെ കേരളത്തിലെ ജയിലിൽ വന്ന് കാണാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ അസമിലെ ജയിലിലേക്ക് മാറ്റണമെന്നുമാണ് അമിറുൾ ആവശ്യപ്പെടുന്നത്. നിലവിൽ വിയ്യൂർ ജയിലിലാണ് ഇയാൾ ശിക്ഷയിൽ കഴിയുന്നത്.
പെരുമ്പാവൂർ സ്വദേശിയും നിയമ വിദ്യാർത്ഥിയുമായ ജിഷയെ കനാൽ പുറമ്പോക്കിലെ വീട്ടിൽ അതിക്രമിച്ച് കടന്ന് കൊലപ്പെടുത്തിയ കേസിലാണ് അമിറുൾ ഇസ്ലാം ശിക്ഷിക്കപ്പെട്ടത്. 2016 ഏപ്രിൽ 28ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കേരളമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ഇയാൾക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇംഗീതത്തിന് വഴങ്ങാത്തതിനെ തുടർന്ന് കത്തിയെടുത്ത് ജിഷയെ കുത്തിയെന്നും അതിക്രൂരമായ ബലാൽസംഗത്തിനിരയായാണ് ജിഷ മരണമടഞ്ഞതെന്നും പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് അന്ന് ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത്.