
ന്യൂയോർക്ക്:വിമാനം പറത്തുന്നതിനിടയിൽ തന്റെ മുന്നിൽ പൂർണനഗ്നനായി അശ്ശീല വീഡിയോ കണ്ട സഹ പൈലറ്റിനെതിരെയും വിമാന കമ്പനിയ്ക്കെതിരെയും നിയമനടപടിയുമായി വനിത പൈലറ്റ്. 2020ൽ നടന്ന സംഭവത്തിൽ അമേരിക്കൻ വിമാന കമ്പനിയായ സൗത്ത് വെസ്റ്റ് എയർലൈൻസിനെയും കോക്‌പിറ്റിൽ വിവസ്ത്രനായ പൈലറ്റിനെയും കക്ഷിച്ചേർത്ത് കോടതി കയറ്റാനാണ് വനിതാ പൈലറ്റായ ക്രിസ്റ്റൈൻ ജാനിങിന്റെ നീക്കം.
ഫിലാഡൽഫിയയിൽ നിന്നും ഫ്ളോറിഡയിലേയ്ക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു സഹ പൈലറ്റായ മൈക്കൽ ഹാക്ക് വനിതാ പൈലറ്റിനോട് മോശമായി പെരുമാറിയത്. കോക്‌പിറ്റിൽ പൂട്ടിയ ശേഷം ഇയാൾ ക്രിസ്റ്റൈന് മുന്നിൽ വിവസ്ത്രനായി. തുടർന്ന് യാതൊരു കൂസലുമില്ലാതെ ലാപ്ടോപ്പിൽ അശ്ശീല വീഡിയോ കാണുകയായിരുന്നു. യാത്ര പൂർത്തിയാകുന്നത് വരെ പൂർണനഗ്നനായി തുടർന്ന ഇയാൾ സ്വന്തം ദൃശ്യങ്ങളും ഇതിനിടയിൽ പകർത്തി. വിരമിക്കുന്നതിന് മുൻപുള്ള അവസാന യാത്ര ആയതിനാൽ ചില കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് പറഞ്ഞായിരുന്നു മൈക്കൽ ഹാക്ക് വനിത പൈലറ്റിന് മുന്നിൽ വിചിത്രമായി പെരുമാറിയത്. വിമാനം ലാൻഡ് ചെയ്ത ഉടനെ തന്നെ ക്രിസ്റ്റൈൻ പരാതിപ്പെട്ടെങ്കിലും വിമാന കമ്പനി യാതൊരു വിധത്തിലുമുള്ള നടപടിയും വിഷയത്തിൽ കൈക്കൊണ്ടിരുന്നില്ല. കൂടാതെ ക്രിസ്റ്റൈന് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് വിമാന കമ്പനിയ്ക്കെതിരെ കോടതി നടപടികൾ സ്വീകരിക്കാൻ വനിതാ പൈലറ്റ് തയ്യാറായത്.
അതേ സമയം ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് യുവതി നൽകിയ പരാതിയെ തുടർന്ന് 2021-ൽ തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം പൈലറ്റായ മൈക്കൽ ഹാക്ക് കോടതി സമക്ഷം സമ്മതിച്ചിരുന്നു. ഇയാൾക്ക് കോടതി ഒരു വർഷത്തെ നല്ലനടപ്പും പിഴയും ചുമത്തിയിരുന്നു. ഈ വിധിയെ തുടർന്നാണ് വിഷയത്തിൽ കാര്യമായ നടപടി സ്വീകരിക്കാത്ത വിമാന കമ്പനിയെയും പ്രതിക്കൂട്ടിൽ നിർത്താൻ യുവതി തീരുമാനിച്ചത്.