pic

ക്വാലാലംപ്പൂർ: മലേഷ്യയിൽ പാർലമെന്റ് പിരിച്ചുവിട്ടെന്ന് പ്രധാനമന്ത്രി ഇസ്‌മയിൽ സാബ്രി യാക്കോബ് അറിയിച്ചു. ഇതോടെ അടുത്ത വർഷം നടക്കാനിരുന്ന രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് ഉടൻ നടക്കും. ഭരണപക്ഷത്തെ സഖ്യകക്ഷികൾ തമ്മിൽ ഏറെനാളായി പരസ്പരം അതൃപ്തിയും അഴിമതി ആരോപണങ്ങളും പുകഞ്ഞിരുന്നു. സ്വന്തം പാർട്ടിയായ യുണൈറ്റഡ് മലേയ്‌സ് നാഷണൽ ഓർഗനൈസേഷനിൽ (യു.എം.എൻ.ഒ) നിന്ന് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ പ്രധാനമന്ത്രിയ്ക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ ശക്തമായ ഭൂരിപക്ഷത്തോടെയുള്ള ജയമാണ് പാർട്ടിയുടെ ലക്ഷ്യം.

തിരഞ്ഞെടുപ്പ് നവംബറിൽ നടന്നേക്കുമെന്നാണ് സൂചന. 2023 സെപ്തംബറിലായിരുന്നു തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

പാർലമെന്റ് പിരിച്ചുവിടാൻ സുൽത്താൻ അബ്ദുള്ള രാജാവ് അനുവദിച്ചെന്ന് പ്രധാനമന്ത്രി അറിയിച്ചു. സ്ഥിരതയുള്ള സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരം നൽകാനാണ് വോട്ടെടുപ്പ് നേരത്തെയാക്കാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.