
മൊബൈൽ ആപ്പുകൾ വഴിയുളള വായ്‌പാ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. രേഖകളൊന്നുമില്ലാതെ ചെറിയ ബാദ്ധ്യത തീർക്കാൻ മൊബൈൽ ആപ്പ് വായ്‌പ്പാ തട്ടിപ്പിൽ പെട്ടാൽ ധനനഷ്‌ടവും മാനഹാനിയുമുണ്ടാകാമെന്ന് പൊലീസ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു. കെവൈസി മാത്രം നൽകി വായ്‌പ ലഭ്യമാക്കിയാണ് ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഇതിലൂടെ കോണ്ടാക്‌ടിലുളളവരുടെ വരെ വിവരങ്ങളിലേക്ക് പ്രവേശിക്കാൻ ആപ്പുകൾക്ക് അനുവാദം ലഭിക്കുമെന്നും വായ്‌പ മുടങ്ങിയാൽ ഇവരെ വിളിച്ച് ഭീഷണിപ്പെടുത്തുകയും വായ്‌പ എടുത്തവരുടെ ജീവൻ നഷ്‌ടത്തിലേക്ക് വരെ അത് നയിക്കാമെന്നുമാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.
കേരള പൊലീസ് ഫേസ്‌ബുക്ക് പോസ്‌റ്ര് പൂർണരൂപം ചുവടെ:
ചെറിയ ബാധ്യതകൾ തീർക്കാനോ, രേഖകൾ ഒന്നുമില്ലാതെ തന്നെ ലോൺ നൽകാമെന്ന പ്രലോഭനങ്ങളിൽ പെട്ടോ പലരും ഇന്ന് മൊബൈൽ ആപ്പുകൾ വഴിയുളള വായ്പ്പാ തട്ടിപ്പുകളിൽ വീഴാറുണ്ട്. എന്നാൽ തുടർന്ന് ധനനഷ്ടവും മാനഹാനിയുമൊക്കെയാകും നമുക്ക് നേരിടേണ്ടി വരിക. അനായാസം നൽകാൻ കഴിയുന്ന കെ.വൈ.സി രേഖകൾ മാത്രം സ്വീകരിച്ച് എളുപ്പത്തിൽ വായ്പ ലഭ്യമാക്കിയാണ് മൊബൈൽ ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. മൊബൈൽ ഫോണുകളിൽ ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉൾപ്പെടെയുളള വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാനുളള അനുവാദം ഇത്തരം ആപ്പുകൾ നേടും. അത്യാവശ്യക്കാർ വായ്പ ലഭിക്കാനായി അവർ ചോദിക്കുന്ന വിവരങ്ങൾ നൽകി പണം കൈപ്പറ്റും.
3000 രൂപ വായ്പയായി എടുത്താൽ വിവിധ ചാർജുകൾ കഴിച്ച് 2200 നും 2600 നും ഇടയിലുളള തുക വായ്പ എടുക്കുന്ന ആളുടെ അക്കൗണ്ടിൽ ഉടനടി ലഭിക്കും. ഏഴ് ദിവസമാണ് തിരിച്ചടവ് കാലാവധി. കാലാവധി കഴിയുന്ന ദിവസം മുഴുവൻ തുകയും തിരികെ അടയ്ക്കാൻ ആവശ്യപ്പെടും. തിരിച്ചടവ് മുടങ്ങിയാലുടൻ ഉപഭോക്താവിന്റെ കോണ്ടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് വിളിച്ച് ലോൺ എടുത്തയാൾ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാൻ ഉപഭോക്താവ് തീരുമാനിക്കുകയാണ് പതിവ്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും സമ്മർദ്ദം ചെലുത്തുന്നതോടെ വായ്പ എടുത്തയാൾ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നു.
ദയവായി ശ്രദ്ധിക്കണേ !!