
ന്യൂഡൽഹി : ശിവസേനയിലെ പിളർപ്പിനെത്തുടർന്ന് ഉദ്ധവ് താക്കറെ വിഭാഗത്തിനും ഷിൻഡെ വിഭാഗത്തിനും പുതിയ പേരുകൾ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഉദ്ധവ് താക്കറെ വിഭാഗത്തിന് ശിവസേന (ഉദ്ധവ് ബാലസാഹേബ് താക്കറെ) എന്നപേരും ഷിൻഡെ വിഭാഗത്തിന് ബാലസാഹേബാൻജി ശിവസേന എന്ന പേരുമാണ് അനുവദിച്ചത്.
ഉദ്ധവ് താക്കറെ വിഭാഗത്തിന് ചിഹ്നമായി തീപ്പന്തമാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേന ഘടകത്തിന് ചിഹ്നം അനുവദിച്ചിട്ടില്ല. ചിഹ്നമായി ത്രിശൂലം, ഉദയസൂര്യൻ, ഗദ എന്നിവ ആവശ്യപ്പെട്ടിരുന്നെങ്കിലും മതപരമായ കാരണങ്ങളാൽ അത് അനുവദിക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. പുതിയ ചിഹ്നം നാളെ രാവിലെ 11ന് മുമ്പായി സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. ചിഹ്നത്തിലും പേരിലും ഇരുവിഭാഗങ്ങളും അവകാശം ഉന്നയിച്ചിട്ടുള്ളതിനാൽ അന്തിമ തീർപ്പുണ്ടാകുന്നതു വരെ ഈ നില തുടരുമെന്ന് കമ്മിഷൻ അറിയിച്ചു. വരുന്ന അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ താക്കറെ - ഷിൻഡെ വിഭഗദങ്ങൾ പുതിയ പേരും ചിഹ്നവും ഉപയോഗിച്ചാകും മത്സരിക്കുക.
അതേസമയം ചിഹ്നം മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ ഉദ്ധവ് താക്കറെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.