
മോസ്കോ : ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച് പാലം തകർത്തതിന് പ്രതികാരമായാണ് ഇന്നലെ യുക്രെയിനിൽ ഉടനീളം തങ്ങളുടെ സൈന്യം വ്യോമാക്രമണങ്ങൾ നടത്തിയതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറയുകയുണ്ടായി. റഷ്യക്കെതിരെ പ്രകോപനം ഉയർന്നാൽ യുക്രെയിന് നേരെ ഇതിലും ഭീകരമായ തിരിച്ചടികളുണ്ടാകുമെന്നാണ് പുട്ടിന്റെ മുന്നറിയിപ്പ്.
റഷ്യയുടെ കാലിബർ ക്രൂസ് മിസൈലുകൾ അടക്കമുള്ള അത്യാധുനിക മിസൈലുകളാണ് ഇന്നലെ യുക്രെയിനിലെ ലക്ഷ്യ സ്ഥാനങ്ങൾ ഛിന്നഭിന്നമാക്കിയത്. ഇതോടെ പലരും റഷ്യൻ ആയുധങ്ങളെയും റഷ്യയുടെ ആക്രമണ രീതിയേയും രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്‌ലർ സ്വീകരിച്ച നടപടികളോടും ഹിറ്റ്‌ലറിന്റെ പ്രതികാര ആയുധങ്ങളോടും താരതമ്യപ്പെടുത്തുകയാണ്.
പ്രതികാര ആയുധങ്ങൾ ?
ഒരു കാലത്ത് യൂറോപ്പിന്റെ പേടിസ്വപ്നമായിരുന്ന ലോകത്തെ ആദ്യത്തെ ലോങ്ങ് റേഞ്ച് ബാലിസ്റ്റിക് മിസൈലായ V2 റോക്കറ്റിനെയും മറ്റുമാണ് നാസികൾ 'പ്രതികാര ആയുധങ്ങൾ" ( revenge weapons ) എന്ന് വിശേഷിപ്പിച്ചിരുന്നത്. ശബ്ദത്തേക്കാൾ മൂന്നരയിരട്ടി വേഗത്തിൽ സഞ്ചരിക്കുമെങ്കിലും V2 വിന്റെ സ്ഫോടനശേഷി ഇന്നത്തെ സൂപ്പർസോണിക് മിസൈലുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്.
V2, അതിന് മുന്നേയുള്ള V1 പതിപ്പ് എന്നീ മിസൈലുകൾ 1943ലും 1944ലും ജർമ്മൻ നഗരങ്ങളിൽ സഖ്യസേനയുടെ നേതൃത്വത്തിൽ നടത്തിയ ബോംബാക്രമണങ്ങൾക്കുള്ള പ്രതികാരമെന്ന നിലയിൽ ലണ്ടനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ ഹിറ്റ്‌ലറുടെ നിർദ്ദേശപ്രകാരം വികസിപ്പിച്ചതാണ്. ജോസ്ഫ് ഗീബൽസ് ആണ് ഇവയ്ക്ക് പ്രതികാര ആയുധങ്ങൾ എന്ന ഓമനപ്പേര് നൽകിയത്. 1944 ജൂൺ 13ന് ആദ്യ V1 മിസൈൽ ലണ്ടനിൽ പതിച്ചു. ആദ്യ V2 മിസൈൽ 1944 സെപ്റ്റംബർ 7ന് ഇംഗ്ലണ്ടിൽ ആക്രമണം നടത്തി.
ഒരു യുദ്ധവിമാനത്തിന്റെ വേഗത മാത്രമായിരുന്നു അന്ന് V1 ന് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടന്റെ റോയൽ എയർ ഫോഴ്സ് പൈലറ്റുമാർ വളരെ വേഗം തന്നെ അവയെ വെടിവച്ച് വീഴ്ത്തി. V1 ന്റെ പൾസ് ജെറ്റ് എൻജിനുകളാകട്ടെ വളരെയധികം ശബ്ദം പുറപ്പെടുവിച്ചിരുന്നു. അതിനാൽ, അവയുടെ വരവ് മുൻകൂട്ടി തിരിച്ചറിഞ്ഞ് അഭയസ്ഥാനങ്ങളിൽ ഒളിക്കാൻ ജനങ്ങൾക്ക് കഴിഞ്ഞിരുന്നു.
എന്നാൽ, സൂപ്പർ സോണിക് വേഗതയിൽ സഞ്ചരിക്കുന്ന V2 വിനെ ഏവരും ഭയത്തോടെയാണ് കണ്ടത്. V2 വിന്റെ വരവ് ആർക്കും കേൾക്കാൻ സാധിച്ചിരുന്നില്ല. വളരെ ഉയരത്തിൽ പറന്നിരുന്ന ഇവ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നു. ജർമ്മൻ മിലിട്ടറി 80 കിലോമീറ്റർ അകലേക്ക് വിക്ഷേപിക്കുന്ന V2 മണിക്കൂറിൽ 5,600 കിലോമീറ്റർ വേഗതയിൽ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചിരുന്നു.
നാസികൾ ലണ്ടനിൽ നടത്തിയ V2 റോക്കറ്റ് ആക്രമങ്ങളിൽ മിലിട്ടറി ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 10,000ത്തോളം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. അതേ സമയം, ജർമ്മനിയുടെ ഈ രണ്ട് മിസൈലുകളും ചേർന്ന് ഏകദേശം 30,000 ത്തിലേറെ പേരുടെ ജീവൻ കവർന്നെടുത്തെന്നാണ് ലണ്ടനിലെ ഇംപീരിയൽ വാർ മ്യൂസിയത്തിന്റെ കണക്ക്.
V2 റോക്കറ്റുകൾ പ്രധാനമായും രാത്രികാലങ്ങളിലാണ് നാസി ജർമ്മനി പ്രയോഗിച്ചിരുന്നത്. റഡാർ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതിരിക്കാനായിരുന്നു ഇത്. യൂറോപ്പിൽ നാസികൾ കൈയ്യടക്കിവച്ചിരുന്ന പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന രഹസ്യ ഫാക്ടറികളിലാണ് ഇവ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു