
മോസ്കോ : യുക്രെയിന് നേരെയുള്ള റഷ്യൻ ആക്രമണം കൂടുതൽ ശക്തമാകുമെന്നതിന്റെ സൂചനയാണ് ഇന്നലത്തെ വ്യോമാക്രമണത്തിലൂടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നൽകിയിരിക്കുന്നത്. പ്രകോപനപരമായ നീക്കത്തിന് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ആണവായുധ പ്രയോഗത്തിന് പോലും മടിക്കില്ലെന്നും പുട്ടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ മാസം മുതൽ തെക്കൻ യുക്രെയിനിലടക്കം തിരിച്ചടികൾ നേരിട്ടതിന് പിന്നാലെ പുട്ടിന്റെ അടുത്ത അനുയായികൾ പ്രഹര തീവ്രത കുറഞ്ഞ ആണവായുധം പ്രയോഗിക്കണമെന്ന് പോലും ആവശ്യമുന്നയിച്ചത് ആശങ്ക ഉയർത്തിയിരുന്നു. റഷ്യയുടെ കൈവശം നിർമ്മാണത്തിലുള്ളതും അല്ലാത്തതുമായ ഉഗ്രകോപികളായ ആണവായുധങ്ങൾ ഉണ്ട്. ബെൽഗൊറോഡ് അന്തർവാഹിനി, പൊസിഡോൺ ടോർപിഡോ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണമാണ്.
ഇതിൽ അതിമാരകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ആണവായുധമാണ് ' ബ്യൂറെവെസ്നിക് ". ആണവശക്തിയിൽ പ്രവർത്തിക്കുന്ന ക്രൂസ് മിസൈലാണിത്. ' പറക്കും ചെർണോബിൽ " എന്നാണ് ബ്യൂറെവെസ്നിക് അറിയപ്പെടുന്നത്. സ്കൈഫോൾ എന്നും പേരുണ്ട്. ബ്യൂറെവെസ്നികിനെ സംബന്ധിച്ച വളരെ പരിമിതമായ അറിവേ പുറംലോകത്തിനുള്ളൂ.
പറക്കും ചെർണോബിൽ
ലോകത്തിന് മറക്കാനാകാത്ത ഒന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ ദുരന്തമായ ചെർണാബിൽ ദുരന്തം. 1986 ഏപ്രിൽ 26നാണ് ഇന്ന് യുക്രെയിന്റെ ഭാഗമായ പ്രിപ്യാറ്റ് നഗരത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന ചെർണോബിൽ ആണവോർജ്ജ പ്ലാന്റിന്റെ നാലാം നമ്പർ റിയാക്ടറിൽ ഭീകരമായ പൊട്ടിത്തെറിയുണ്ടായത്. റിയാക്ടറിന്റെ ഉരുക്കുകവചങ്ങൾ തകർന്ന് ടൺകണക്കിന് റേഡിയോ ആക്ടിവ് പദാർത്ഥങ്ങളാണ് പുറത്തേക്ക് വന്നത്.
ഇത് ഏകദേശം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിക്കപ്പെട്ടപ്പോൾ ഉണ്ടായതിനേക്കാൾ ഏകദേശം 400 മടങ്ങായിരുന്നു. കുറഞ്ഞത് 4,000 പേരെങ്കിലും ദുരന്തത്തിന് ശേഷം റേഡിയേഷൻ മൂലമുണ്ടായ കാൻസർ പോലുള്ള രോഗങ്ങൾ ബാധിച്ച് മരിച്ചെന്നാണ് കണക്കുകൾ. എന്നാൽ, ഇത് 60,000 വരെയാണെന്നും വാദമുണ്ട്. ചെർണോബിൽ ദുരന്തത്തിന്റെയത്ര ഭീകരത സൃഷ്ടിക്കാൻ കഴിയുന്ന ആണവ പോർമുന ബ്യൂറെവെസ്നികിനും വഹിക്കാനാകുമെന്നാണ് അഭ്യൂഹം.
റഷ്യയുടെ സൂപ്പർവെപ്പൺ
' സൂപ്പർ വെപ്പൺസ് " എന്നറിയപ്പെടുന്ന റഷ്യയുടെ ആറ് തന്ത്രപ്രധാന ആയുധങ്ങളിൽ ഒന്നാണ് ബ്യൂറെവെസ്നിക്. 2018ൽ ക്രെംലിനിൽ നടത്തിയ പ്രസംഗത്തിനിടെ വ്ലാഡിമിർ പുട്ടിനാണ് ഈ ആയുധങ്ങളെ പരിചയപ്പെടുത്തിയത്. സാർമത് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ, അവൻഗാർഡ് ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ, പോസിഡോൺ ടോർപ്പിഡോ ( അണ്ടർവാട്ടർ അൺമാനഡ് വെഹിക്കിൾ ), കിൻഷൽ ഹൈപ്പർസോണിക് മിസൈൽ, സിർകോൺ ഹൈപ്പർസോണിക് മിസൈൽ എന്നിവയാണ് മറ്റുള്ളവ.
നിഗൂഢ മിസൈൽ
ബ്യൂറെവെസ്നികിന്റെ സ്വഭാവം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇപ്പോഴും രഹസ്യമാണ്. എന്നാൽ ബ്യൂറെവെസ്നികിനെ സംബന്ധിച്ച ചില അഭ്യൂഹങ്ങൾ പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവ ഇവ;
നീളം - 12 മീറ്റർ
സോളിഡ് ഫ്യുവൽഡ് ബൂസ്റ്റർ എൻജിനോട് കൂടിയ തെർമൽ റോക്കറ്റ്
റഷ്യയുടെ കെ.എച്ച് - 101 ക്രൂസ് മിസൈലിനേക്കാൾ രണ്ടിരട്ടി നീളം
പ്രഹര പരിധി വളരെ ഉയർന്നതെന്ന് സൂചന
അതീവ അപകടം
പാശ്ചാത്യ രാജ്യങ്ങൾ ബ്യൂറെവെസ്നികിനെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. 2017നും 2019നും ഇടയിൽ നിരവധി തവണ ബ്യൂറെവെസ്നികിന്റെ പരീക്ഷണങ്ങൾ പരാജയപ്പെട്ടെന്ന് യു.എസ് ഇന്റലിജൻസ് പറയുന്നു. 2019ൽ ഇത്തരത്തിൽ പരീക്ഷണത്തിനിടെ പരാജയപ്പെട്ട ഒരു ബ്യൂറെവെസ്നിക് മിസൈൽ വെള്ളക്കടലിൽ പതിച്ചിരുന്നു. തിരിച്ചെടുക്കുന്നതിനിടെ ഈ മിസൈൽ പൊട്ടിത്തെറിച്ച് ഏഴോളം വിദഗ്ദ്ധർ കൊല്ലപ്പെട്ടെന്നും റേഡിയേഷൻ ചോർച്ച ഉണ്ടായെന്നും പറയപ്പെടുന്നു. 2020 ജനുവരിയിൽ ബ്യൂറെവെസ്നികിന്റെ പരീക്ഷണം ആദ്യമായി വിജയിച്ചെന്ന് റിപ്പോർട്ടുണ്ട്.
ഈ മിസൈൽ വായുവിലായിരിക്കുമ്പോഴും അമിത വേഗത്തിൽ സഞ്ചരിക്കുമ്പോഴും റേഡിയേഷൻ ചോർച്ച ഉണ്ടാകാനുള്ള സാദ്ധ്യത വളരെയേറെയാണ്. മാത്രമല്ല, മിസൈലിന്റെ സഞ്ചാര പാതയിൽ വരുന്ന വിമാനങ്ങൾക്കും മറ്റും അണുപ്രസരണമേൽക്കാനുള്ള സാദ്ധ്യതയുമുണ്ട്.
1950കളിൽ ആണവശക്തിയുള്ള സൂപ്പർസോണിക് ലോ ആൽറ്റിറ്റ്യൂഡ് മിസൈൽ ( SLAM ) വികസിപ്പിക്കാൻ യു.എസ് ശ്രമം നടത്തിയിരുന്നെങ്കിലും പരീക്ഷണങ്ങളിലെ അപകട സാദ്ധ്യത കണക്കിലെടുത്ത് ഉപേക്ഷിച്ചിരുന്നു. നിലവിൽ ബ്യൂറെവെസ്നികിന്റെ പരീക്ഷണം പൂർത്തിയായോ എന്ന് വ്യക്തമല്ലെങ്കിലും 2025 ഓടെ പ്രവർത്തനക്ഷമമാകുമെന്നാണ് വിവരം. വടക്കൻ റഷ്യയിലെ വിദൂര മേഖലയിലെ രഹസ്യ ബേസിൽ ബ്യൂറെവെസ്നികിന്റെ പരീക്ഷണം ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം ചില ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിച്ചിരുന്നു.