tiger

ഒരു കടുവയെ നേരിട്ട് കണ്ടാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് തമാശയ്ക്ക് പോലും കൂടെ നിന്ന് സെൽഫി എടുക്കും എന്ന മറുപടി ആരും നൽകാൻ വഴിയില്ല. കാരണം ഇടഞ്ഞാൽ ഏതൊരു വന്യമൃഗത്തിനെക്കാളും അപകടകാരിയാണ് കടുവ. അസാമാന്യ ശക്തിശാലിയും മികച്ച വേട്ടക്കാരനുമായ കടുവയുടെ മുന്നിൽപ്പെട്ടാൽ പിന്നെ ബാക്കിയെല്ലാം വിധിയ്ക്ക് വിടാം എന്ന് സാരം. എന്നാൽ സാധാരണയായി ഒന്നിനെയും കൂസാതെ പകൽ വെളിച്ചത്തിൽപ്പോലും ജനവാസ മേഖലയിൽ പ്രത്യക്ഷപ്പെടാറുള്ള കടുവയ്ക്ക് മുന്നിൽ വിവേകരഹിതരായി പെരുമാറുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ വീഡിയോ ദൃശ്യം ഇപ്പോൾ ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നുണ്ട്.

ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഓഫീസർ 'സുഷാന്ത നന്ദ' ട്വിറ്റർ വഴി പങ്കുവെച്ച വീഡിയോയിൽ ഒരു കടുവ വനത്തിൽ നിന്നും റോഡ് മുറിച്ച് കടക്കുന്നത് കാണാം. എന്നാൽ അതേ സമയം അവിടെയുള്ള യുവാക്കളുടെ സംഘം കടുവയോടൊത്തുള്ള ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. യുവാക്കൾ പിന്തുടർന്ന് വീഡിയോ പകർത്താൻ ശ്രമിക്കുന്നത് കാര്യമാക്കാതെ കടുവ നടന്നകലുന്നത് കൊണ്ട് വലിയ ഒരു അപകടം തന്നെ ഒഴിവായി എങ്കിലും. യുവാക്കളുടെ വിവേകശൂന്യമായ പെരുമാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.

കടുവയെപ്പോലൊരു മാംസഭുക്ക് ആരാലും പിന്തുടരപ്പെടാൻ ആഗ്രഹിക്കുന്നില്ല, പ്രകോപിപ്പിക്കപ്പെട്ടാൽ നിങ്ങളെ അത് കടിച്ചു കീറി കൊല്ലും എന്ന മുന്നറിയിപ്പോടെയാണ് സുഷാന്ത നന്ദ മദ്ധ്യപ്രദേശിലെ 'പന്നാ കടുവ സംരക്ഷണ കേന്ദ്രത്തിൽ' നടന്ന സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. അദ്ദേഹം പോസ്റ്റ് ചെയ്ത് വീഡിയോ ഒരു ലക്ഷത്തോളം പേരാണ് ട്വിറ്ററിലൂടെ കണ്ടത്. വീഡിയോ കണ്ട പലരും ഐഎഫ്എസ് ഓഫീസറിന്റെ അഭിപ്രായത്തോട് യോജിക്കുന്നതായി കമന്റ് സെക്ഷനിൽ കുറിച്ചിട്ടുണ്ട്.

Remember that if you see a large carnivore, it wanted you to see it. It never wanted to be chased. The tiger can maul you to death feeling threatened. Please don’t resort to this wired behaviour. pic.twitter.com/e0ikR90aTB

— Susanta Nanda (@susantananda3) October 6, 2022