bus

തിരുവനന്തപുരം: നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ ഇന്നുമുതൽ കർശന നടപടി. വീഴ്ച കണ്ടെത്തിയാൽ ബസിന്റെ ഫിറ്റ്നസ് സസ്‌പെൻഡ് ചെയ്യും. ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും. വിനോദയാത്രകൾക്ക് ഇനിമുതൽ കർശന നിരീക്ഷണമുണ്ടാകും. ഗതാഗത വകുപ്പ് ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.

ടൂറിസ്റ്റ് ബസുകൾക്ക് ഒരേ നിറം കർശനമാക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. വെള്ളനിറം ഒഴികെയുള്ള നിറങ്ങൾക്ക് വിലക്കേർപ്പെടുത്തി. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി വാഹന പരിശോധന നടത്തുന്നത്.

അതേസമയം, വടക്കഞ്ചേരി അപകടത്തിന്റെ കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അനാസ്ഥയുമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. വാഹനങ്ങളുടെ വേഗത നിയന്ത്രണ സംവിധാനം നീക്കം ചെയ്യുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്നും, രൂപമാറ്റം വരുത്തുന്നവരിൽ നിന്ന് പതിനായിരം രൂപ പിഴ ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.