
തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിന് പാർക്കിംഗിന് അനധികൃതമായി റോഡ് വാടകയ്‌ക്ക് നൽകിയ കരാർ റദ്ദാക്കി. ഹോട്ടലുടമ കരാർ ലംഘിച്ചെന്ന പേരിലാണ് നഗരസഭ അനുമതി റദ്ദാക്കിയത്. പൊതുമരാമത്ത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയാണ് എം ജി റോഡിൽ ആയുർവേദ കോളേജിന് എതിർവശത്ത്, ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിന് റോഡ് വാടകയ്ക്കുനൽകാൻ തീരുമാനമെടുത്തത്. പ്രതിമാസം 5,000 രൂപ വാടകയ്‌ക്കായിരുന്നു കരാർ.
കരാർ ഉണ്ടായതോടെ ഈ സ്ഥലത്ത് മറ്റുവാഹനങ്ങൾ പാർക്കുചെയ്യുന്നത് ഹോട്ടലുകാർ തടഞ്ഞുതുടങ്ങി. ഇത്തരത്തിലൊരു കരാർ ഉണ്ടാക്കാൻ ട്രാഫിക് ഉപദേശക സമിതിക്കോ കോർപ്പറേഷനോ അധികാരമില്ലെന്ന് പരാതി ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറോട് ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടുകയായിരുന്നു.