പ്രണയം ഇപ്പോഴും പത്രങ്ങളോട്.ടി.വി ജേർണലിസത്തിന്റെ സുവർണ കാലം കഴിഞ്ഞു.പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായ് സംസാരിക്കുന്നു

രാജ്ദീപ് സർദേശായ്
എനിക്ക് ഒമ്പതോ പത്തോ വയസുള്ളപ്പോൾ മുതൽ രാവിലെ വീട്ടിൽ പത്രം വരുന്നതും കാത്ത് ഞാൻ നിൽക്കുമായിരുന്നു .അച്ഛനും അമ്മയും അതെടുക്കും മുമ്പെ ചൂടോടെ വായിക്കണമെന്ന് നിർബന്ധമായിരുന്നു.എന്റെ പെഹലാ പ്യാർ (ആദ്യ പ്രേമം) എന്നും പത്രംതന്നെയാണ് ".---ഇന്ത്യാ ടുഡെ ടി.വിയുടെ കൺസൾട്ടന്റ് എഡിറ്ററും ലീഡിംഗ് ന്യൂസ് ആങ്കറുമായ രാജ് ദീപ് സർദേശായ് സംസാരിക്കുകയായിരുന്നു.
കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറായിരുന്ന എൻ.രാമചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം സ്വീകരിക്കാൻ അടുത്തിടെ തിരുവനന്തപുരത്തെത്തിയ അദ്ദേഹം ദീർഘനേരം കേരളകൗമുദിയോട് സംസാരിച്ചു. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയരായ മാദ്ധ്യമപ്രവർത്തകരുടെ മുൻനിരയിലായിട്ടും ഒരു തലക്കനവുമില്ലാത്ത,വളരെ സിമ്പിളായ വ്യക്തിയാണ് രാഷ്ട്രം പത്മ ശ്രീ നൽകി ആദരിച്ച രാജ് ദീപ്.
അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്:-
അച്ഛൻ ദിലീപ് സർദേശായ് വലിയ ക്രിക്കറ്ററായിരുന്നു.ഓക്സ്ഫോർഡ് കമ്പയിൻഡ് യൂണിവേഴ്സിറ്റി ടീമിന്റെ പാക് ടൂറിൽ താങ്കളും അംഗമായിരുന്നുഎന്നിട്ടും ജേർണലിസം തിരഞ്ഞെടുത്തതെന്ത് ?
ഇന്ത്യയ്ക്കുവേണ്ടി കളിച്ച ഒരു ക്രിക്കറ്ററായിരുന്നു എന്റെ അച്ഛൻ.പക്ഷേ പതിനൊന്നുപേർക്കെ ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയുകയുള്ളു.അത്ര മികച്ച കളിക്കാരനാണെങ്കിൽ മാത്രം.എന്റെ അച്ഛൻ അങ്ങനെയുള്ള ഒരു കളിക്കാരനായിരുന്നു .ഇപ്പോഴും ഗോവയിൽ നിന്നും ഇന്ത്യൻ ടീമിൽ ഇടം നേടിയ ഏക ടെസ്റ്റ് ക്രിക്കറ്റർ അച്ഛനാണ്.കഠിനാദ്ധ്വാനവും ദൃഢനിശ്ചയവും കൊണ്ടാണ് ഇത്രയും എത്തിയതെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു.ഒരിക്കലും അച്ഛനുമായി എന്നെ താരതമ്യപ്പെടുത്തരുത്.അച്ഛൻ ഒരു ലെജണ്ടറിക്രിക്കറ്ററായിരുന്നു.എനിക്കത്രയും കഴിവുണ്ടായിരുന്നില്ല.ഞാൻ എപ്പോഴും തമാശയായി പറയും.നിങ്ങൾക്ക് കഴിവൊന്നുമില്ലെങ്കിൽ പിന്നെ അവശേഷിക്കുന്നത് ജേർണലിസമാണെന്ന്.അഭിഭാഷകനാകാനുള്ള പഠിത്തമുണ്ടായിരുന്നെങ്കിലും ഞാൻ പത്രപ്രവർത്തനം തിരഞ്ഞെടുത്തു. 1985 ൽ മുംെെബയിൽ ആഫ്റ്റർനൂൺ എന്ന സായാഹ് ന പത്രത്തിൽ മൂന്നുമാസക്കാലം ജോലിചെയ്തു.അതോടെയാണ് പത്രപ്രവർത്തനവുമായി ശരിക്കും പ്രണയത്തിലാകുന്നത്.1988 ൽ ഞാൻ ടൈംസ് ഒഫ് ഇന്ത്യയിൽ ചേർന്നു.
അച്ചടി മാദ്ധ്യമത്തിൽ നിന്നും ദൃശ്യ മാദ്ധ്യമത്തിലേക്കുള്ള പരിണാമം എളുപ്പമായിരുന്നോ?
ദൃശ്യമാദ്ധ്യമത്തിലേക്കുള്ള വരവ് സംഭവിച്ചുപോയതാണ്.1994 ൽ ഞാൻ മുംെെബയിൽ ടൈംസിൽ നിന്ന് ഡൽഹിയിലേക്ക് വന്നു.കൊൽക്കത്താ പത്രമായ ടെലഗ്രാഫിന്റെ ഡൽഹി എഡിഷൻ തുടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു.പക്ഷേ അത് നടന്നില്ല.അങ്ങനെയാണ് ഡൽഹിയിൽ ഞാൻ പ്രണോയ് റോയിയെ കണ്ടത്.പിന്നെയുള്ളത് ചരിത്രമാണ്.എന്റെ ആദ്യ ടെലിവിഷൻ അസൈൻമെന്റ് വേൾഡ് ദിസ് വീക്ക് പ്രോഗ്രാമിന്റെ ഭാഗമായി എൻ.ഡി.ടി.വിയിലായിരുന്നു. മലയാളിയായ അപ്പൻമേനോനും അതിന്റെ സജീവഭാഗമായിരുന്നു.അപ്പൻ നല്ല സുഹൃത്തായിരുന്നു.1996 ൽ അപ്പൻ മരിച്ചു.ഒരുമിച്ചു പ്രവർത്തിച്ച ഈ രണ്ട് വർഷക്കാലത്തിനിടയിൽ ഞങ്ങൾ ഡി.ഡി 3 യ്ക്കുവേണ്ടി സംയുക്തമായി ഒരു ഷോയും ചെയ്തു.
പ്രണോയ് റോയിക്കൊപ്പം പ്രവർത്തിച്ച കാലം ?
ഒന്നാന്തരമായിരുന്നു.പ്രണോയ് റോയിയും ഭാര്യ രാധികാ റോയിയും മികച്ച മാദ്ധ്യമപ്രവർത്തകരെന്നപോലെ തന്നെ വളരെ നല്ല മനുഷ്യരാണ്.നല്ല അവസരങ്ങൾ ലഭിക്കുമ്പോഴാണ് ഒരു ജേർണലിസ്റ്റ് ഉണ്ടാകുന്നത്.അവർ എനിക്ക് വലിയ അവസരങ്ങൾ തന്നു. ബിഗ് സ്റ്റോറികൾ ചെയ്യാനുള്ള അവസരം.അതെല്ലാം എനിക്ക് തിളങ്ങാനുള്ള പാതകളായി.
1998 ൽ പ്രണോയിക്കൊപ്പം ഇലക്ഷൻ ലൈവ് ചെയ്തത് ഞാൻ ഒരിക്കലും മറക്കില്ല. ഒരു കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ ഞാൻ റോയിയും വിനോദ് ദുവയും ദൂരദർശനുവേണ്ടി ഇലക്ഷൻ ചെയ്യുന്നത് ടെലിവിഷനിൽ കണ്ടിട്ടുണ്ട്.അതേ പ്രണോയ് റോയിക്കൊപ്പം സ്റ്റുഡിയോയിൽ ഒരുമിച്ചിരുന്ന് ഇലക്ഷൻ റിപ്പോർട്ടിംഗ് നടത്തിയത് ഒരു സ്വപ്നം യാഥാർത്ഥ്യമായതുപോലെയായിരുന്നു.എന്റെ പ്രൊഫഷനിൽ ഇത്രയും വലിയ അവസരങ്ങൾ നൽകിയതിന് ഞാനെന്നും പ്രണോയിയോടും രാധികയോടും കടപ്പെട്ടിരിക്കുന്നു.ഇന്ന് ഞാൻ എവിടെയെങ്കിലും എത്തിയെങ്കിൽ അതിനു കാരണക്കാർ അവരാണ്.
പിന്നീട് താങ്കൾഎൻ.ഡി.ടി.വി വിടുകയും സ്വന്തംചാനലെന്ന ആശയം നടപ്പിലാക്കുകയും ചെയ്തു?
2005 ൽ നെറ്റ് വർക്ക് 18 ന്റെ സഹായത്തോടെ ഞാൻ സ്വന്തം ചാനൽ ഉണ്ടാക്കി.സി.എൻ എൻ- ഐ.ബി.എൻ ചാനൽ. എന്റേതായ ഒരു ന്യൂസ് ചാനൽ തുടങ്ങാനുള്ള ഒരു അവസരമായിട്ടാണ് ഞാനതിനെ കണ്ടത്.പണം മുടക്കാൻ ആളുണ്ടായിരുന്നതിനാൽ കാര്യങ്ങൾ എളുപ്പമായി.
ഒരുപാട് മാദ്ധ്യമപ്രവത്തകരെയും വളർത്തിയെടുത്തു?
എല്ലാ രീതിയിലും ഞാൻ ഭാഗ്യവാനായിരുന്നു.പ്രണോയിയെപ്പോലെ, ടൈംസിൽ വർക്കുചെയ്യുമ്പോൾ റസിഡന്റ് എഡിറ്ററായിരുന്ന ഡാനിയൽ ഡിമോന്റെയും എഡിറ്റർ ദിലീപ് പഡ്ഗോങ്കറിനൊപ്പം എനിക്കു വലിയ പ്രോത്സാഹനം നൽകി.സ്വന്തം സ്ഥാപനമുണ്ടായാൽ മറ്റുള്ളവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു.നല്ലൊരു ടീമിനെ വളർത്തിയെടുക്കാനും പ്രോത്സാഹിപ്പിക്കാനുമായി.

താങ്കൾ ഒരു സ്ട്രിക്റ്റ് എഡിറ്ററാണോ? ലിബറൽ എഡിറ്ററാണോ?
ഞാൻ സ്ട്രിക്ടാണ്.ന്യൂസ് റൂമിൽ വല്ലാതെ ഒച്ചവയ്ക്കും.പക്ഷേ മൃദുസമീപനക്കാരനാണ്.കടുപ്പക്കാരനാണെന്നു പുറമെ തോന്നും എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല.യുവ ജേർണലിസ്റ്റുകളെ പരീക്ഷണം നടത്താൻ അനുവദിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു.വലിയ സംഭവങ്ങൾ ഉണ്ടാകുമ്പോൾ കഴിവുള്ള യുവ ജേർണലിസ്റ്റുകളെ കവർ ചെയ്യാൻ വിടണം.പുതിയ ടാലന്റുകൾക്ക് അവസരം നൽകിയെന്നതായിരുന്നു ഞങ്ങളുടെ പ്രത്യേകത.
ഇന്ത്യയിലെ ഒരു ലീഡിംഗ് ജേണലിസ്റ്റെന്ന നിലയിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി സൗഹൃദമുണ്ടാകാം. താങ്കളുടെ കാഴ്ചപ്പാട് സ്വതന്ത്രമായി ആവിഷ്ക്കരിക്കാനുള്ള ഒരു അകലം ഈ ബന്ധങ്ങളിൽസൂക്ഷിക്കാറുണ്ടോ?അതിനു കഴിയുമോ?
പ്രയാസമാണത്.നിങ്ങൾക്കതിന് ശ്രമിക്കാം.ഒരു രാഷ്ട്രീയക്കാരൻ യഥാർത്ഥ സുഹൃത്താണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.സത്യസന്ധമായി പറഞ്ഞാൽ അവർ വാർത്തകൾക്കുള്ള കോൺടാക്ടുകൾ മാത്രമാണ്.നിങ്ങൾക്ക് സോഴ്സുകൾ ആവശ്യമാണ്.ഞാൻ രാഷ്ട്രീയക്കാരുമൊത്ത് ഡിന്നറിനോ,പാർട്ടികൾക്കോ പോകാറില്ല.പക്ഷേ അവരുമായി കൂടിക്കാഴ്ച നടത്തുന്നത് ഞാനിഷ്ടപ്പെടുന്നുണ്ട്.രാഷ്ട്രീയക്കാർ ഗംഭീരകക്ഷികളാണ്.അവർക്ക് നല്ല എനർജിയാണ്. ആയിരക്കണക്കിനാളുകളോട് ആശയവിനിമയം നടത്താനാകും.ഒരു റാലിയെ അഭിസംബോധന ചെയ്യാൻ എനിക്ക് ഭയമാണ്.രാഷ്ട്രീയക്കാരെ നിരീക്ഷിക്കുന്നത് എന്നെ ഭ്രമിപ്പിക്കാറുണ്ട്.
ഇങ്ങനെ എഴുതുകയോ പറയുകയോ ചെയ്താൽ അവർക്കെന്ത് തോന്നും എന്ന് താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഒരിക്കലുമില്ല.യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്.മുൻകാലങ്ങളിൽ നിങ്ങൾക്ക് രാഷ്ട്രീയക്കാരെ വിമർശിക്കാമായിരുന്നു.അവർ നിങ്ങളെ ശത്രുക്കളായി കാണില്ലായിരുന്നു.ആ ബന്ധം നിലനിർത്താൻ അവർക്കും താത്പ്പര്യമായിരുന്നു.ഇന്നെന്താണ് സംഭവിക്കുന്നത്.വിമർശിച്ചാൽ ആ നിമിഷം നിങ്ങൾ ശത്രവുവായി മാറും.അവർ നിങ്ങളെ ബഹിഷ്ക്കരിക്കും. അവർ നിങ്ങൾക്ക് അപ്രാപ്യരാകും.
സാഹചര്യം മൊത്തത്തിൽ മാറിയല്ലേ?
അതെ.നിങ്ങൾ മോദിക്കെതിരാണെങ്കിൽ നിങ്ങളോട് അനുകൂലപക്ഷക്കാർ സംസാരിക്കില്ല.ഇനി നിങ്ങൾ മോദി അനുകൂലിയാണെങ്കിൽ എതിർപക്ഷക്കാർ സംസാരിക്കില്ല.ഇരുവശത്തും അസഹിഷ്ണുത വർദ്ധിച്ചു.
മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന താങ്കളുടെ കരിയറിൽ കയ്പ്പേറിയ നിമിഷങ്ങളും അതിലുമേറെ അഭിമാന നിമിഷങ്ങളുമുണ്ട്?
അതാണ് ജീവിതം.ചിലപ്പോൾ നിങ്ങൾക്ക് ബഹുമതികൾ ലഭിക്കാം.തെറ്റുകളിൽ നിന്ന് പാഠങ്ങൾ പഠിക്കും. ഇപ്പോൾ പ്രകോപനമുണ്ടായാൽ ഞാനത് ചിരിയിലൊതുക്കും. ആദ് മി മുസാഫിർ ഹേ , ആത്താ ഹേ ജാത്താ ഹേ എന്നൊരു ഹിന്ദി ഗാനമാണ് മനസിൽ വരുന്നത്.മനുഷ്യൻ ഒരു യാത്രികനാണ്.അവൻ വരുന്നു പോകുന്നു. നിങ്ങൾ ഈ നിമിഷമാണ് ജീവിക്കുന്നത്.പ്രത്യേകിച്ചും കൊവിഡിനുശേഷം ഞാൻ വിചാരിക്കുന്നത് ഈ നിമിഷത്തിൽ ജീവിക്കണമെന്നാണ് .ഭാവിയെക്കുറിച്ച് അധികം ചിന്തിച്ചു കൂട്ടേണ്ടതില്ല.
സാഗരിക ഘോഷിനെ എവിടെവച്ചാണ് കണ്ടുമുട്ടിയത്?
1986 ൽ ജാംഷഡ് പൂരിൽ റോഡ്സ് സ്കോളർഷിപ്പ് ഇന്റർവ്യൂവിനു പോകുമ്പോഴാണ് ഞാൻ സാഗരികയെ ആദ്യമായി കാണുന്നത്.അവർക്ക് കിട്ടി എനിക്ക് കിട്ടിയില്ല.അതിനു ഞാനിന്നും സാഗരികയോട് ക്ഷമിച്ചിട്ടില്ല.(ചിരിക്കുന്നു).
മക്കൾ?
രണ്ട് മക്കളാണ്. മകൻ ഇഷാൻ ഇ.എൻ.ടി സർജനാണ്.ഇഷാൻ സ്വന്തം ഫേസ് സർജറി ക്ളിനിക്ക് ആരംഭിക്കുകയാണ്.മകൾ തരിണി മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോർപ്പറേറ്റ് അഭിഭാഷകയാണ്
.
നിങ്ങൾ ഇരുവരും വളരെ തിരക്കേറിയ മാദ്ധ്യമപ്രവർത്തകരല്ലേ.കുട്ടികളെ എങ്ങനെ മാനേജ് ചെയ്തു?
അതിനുള്ള പൂർണ്ണ ക്രെഡിറ്റും എന്റെ ഭാര്യ സാഗരികയ്ക്കു ഞാൻ നൽകും.അവരെ നന്നായി വളർത്തുന്നതിലും നല്ല മൂല്യങ്ങൾ പകരുന്നതിലുമെല്ലാം സാഗരിക പ്രത്യേകം ശ്രദ്ധിച്ചു.ഞാൻ സ്റ്റുഡിയോയിൽ കുടുങ്ങിപ്പോയെന്നു പറയുന്നതാകും ശരി.എനിക്ക് സമയം കിട്ടാറില്ല.ഞാൻ എൻ.ഡി.ടിവിയിൽ സൺഡേ ഷോ ചെയ്തിരുന്നു.കുട്ടികൾ സ്റ്റുഡിയോയിൽ എന്നോടൊപ്പം ഞായറാഴ്ച ചിലവിടുമായിരുന്നു.
താങ്കൾ ഏക മകനാണോ?
എനിക്കൊരു സഹോദരിയുണ്ട്.ഷൊണാലി. വേൾഡ് ബാങ്കിലാണിപ്പോൾ.
ഇപ്പോഴത്തെ പ്രവർത്തനസമയം എങ്ങനെയാണ്?
ഇപ്പോൾ ഏറെക്കുറെ വൈകുന്നേരത്തോടെ മാത്രമെ ഞാൻ ഓഫീസിൽ പോകാറുള്ളു.രാവിലെ ഞാൻ പ്രോഗ്രാമിനു വേണ്ടിയുള്ള പ്ളാനിംഗ് നടത്തും.കൊവിഡിനുശേഷം കൂടുതൽസമയം ഓഫീസിൽ ചെലവഴിക്കാറില്ല.
താങ്കളൊരു ഭക്ഷണപ്രിയനാണോ?
അതെ.
തിരഞ്ഞെടുപ്പ് റിപ്പോർട്ടിംഗിനെ ഭക്ഷണവുമായി താങ്കൾ കൂട്ടിക്കലർത്തിയല്ലോ?
തിരഞ്ഞെടുപ്പ് റിപ്പോർട്ടിംഗ് ബോറായി തുടങ്ങിയപ്പോൾ ഓരോ പ്രദേശത്തെയും ഭക്ഷണത്തിന്റെ പ്രത്യേകതകൾ കൂടി ഉൾപ്പെടുത്തുകയായിരുന്നു.ഇപ്പോൾ അത് വളരെ ആകർഷകമായി.

കേരളത്തിൽ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ഏതാണ്?
മാങ്ങായിട്ടുവച്ച മീൻ കറി.മറ്റെങ്ങും അത്രയും രുചിയോടെ മത്സ്യം പാകം ചെയ്ത് കഴിച്ചിട്ടില്ല.
കേരള മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് എന്താണഭിപ്രായം?
ഞങ്ങൾ രണ്ടുപേരുടെയും ജനന തീയതി ഒന്നാണ്.മേയ് 24.ഏതാനും തവണ മാത്രമെ അദ്ദേഹത്തെ നേരിൽ കണ്ടിട്ടുള്ളു.രാജ്യത്തെ ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയാണദ്ദേഹം.കഠിനാദ്ധ്വാനിയാണ്. ഭരണവും പാർട്ടിയും അദ്ദേഹത്തെ പോലെ ഒരുമിച്ചു നിയന്ത്രിക്കാൻ കഴിയുന്ന എത്ര മുഖ്യമന്ത്രിമാർ നമ്മൾക്കുണ്ട്.
ഇപ്പോഴും ക്രിക്കറ്റ് കളിക്കുന്നുണ്ടോ?
ഈ വർഷമാദ്യം കളിച്ചു.ഏഴു വർഷത്തിന്റെ ഇടവേളയ്ക്കു ശേഷം.ഒമ്പത് റൺസിന് ഔട്ടായതോടെ ഞാൻ നിരാശനായി.എനിക്കിപ്പോൾ 57 വയസായി.അറുപതാകുമ്പോൾ ഞാൻ റിട്ടയർ ചെയ്ത് ക്രിക്കറ്റ് കളിക്കാൻ വരുമെന്ന് മുംബയിലെ ക്രിക്കറ്റ് ക്ളബ്ബ് സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.
സൗഹൃദം?
എന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും ജേർണലിസത്തിനു പുറത്തുള്ളവരാണ്.അപ്പോൾ വാർത്തയെക്കുറിച്ചല്ലാതെ മറ്റുകാര്യങ്ങൾ സംസാരിക്കാനാവും.എന്റെ മുംബയ് ദിനങ്ങളിൽ നിന്നുള്ള ക്രിക്കറ്റുകളിക്കുന്നവരാണ് സുഹൃത്തുക്കളിൽ കൂടുതലും.ഡൽഹിയിൽ സുഹൃത്തുക്കളേക്കാളുപരി കോൺടാക്ടുകളാണ് .
മോദി ബുദ്ധിമാനായ രാഷ്ട്രീയ നേതാവ്
ആദ്യകാലത്ത് താങ്കൾ ഒരു ആന്റി മോദിയായി മുദ്ര കുത്തപ്പെട്ടു,ഇപ്പോഴും അങ്ങനെയാണോ?
അതെ.നോക്കൂ 1990 കളിൽ ഞാനും നരേന്ദ്രമോദിയും തമ്മിൽ വളരെയടുത്ത ബന്ധമുണ്ടായിരുന്നു..എന്റെ അമ്മ നന്ദിനി സർദേശായ് മഹാരാഷ്ട്രക്കാരിയാണ് (ദീർഘകാലം മുംബയ് കോളേജുകളിൽ സോഷ്യോളജി പ്രൊഫസറായിരുന്നു).അമ്മയുടെ അച്ഛൻ ഗുജറാത്തിൽ  പൊലീസ്  ഐ.ജിയായിരുന്നു. ടൈംസിലുള്ളപ്പോൾത്തന്നെ അവിടുത്തെ രാഷ്ട്രീയക്കാരുമായി നല്ല ബന്ധമായിരുന്നു. 2002ൽ കലാപമുണ്ടായപ്പോഴാണ് അതിനൊക്കെ മാറ്റം വന്നത്.പ്രധാനമന്ത്രിയാകുന്നതുവരെ മോദിയുമായി നല്ല ബന്ധം പുലർത്തിയിരുന്നു.ഇപ്പോൾ എനിക്കദ്ദേഹം അപ്രാപ്യനാണ്.ഹീ ഈസ് ടൂ ഹൈ ഫോർ മീ.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി 2024 ലെ തിരഞ്ഞെടുപ്പ് വിജയിക്കുമെന്നു താങ്കൾ കരുതുന്നുണ്ടോ?
രാഷ്ട്രീയ പ്രവചനം നടത്താൻ ഞാൻ തയ്യാറല്ല.രാഷ്ട്രീയത്തിൽ അടുത്തെന്ത് സംഭവിക്കുമെന്ന് നമ്മൾക്ക് പറയാനാവില്ല.നരേന്ദ്ര മോദി തന്നെയാണ് ഇന്ത്യയിലെ ഒന്നാം നമ്പർ നേതാവെന്ന് ഇന്നത്തെ സാഹചര്യത്തിൽ ഒരു സംശയവുമില്ലാതെ പറയാം.അത് നിഷേധിക്കാനാവില്ല.എതിരാളികളേക്കാൾ അദ്ദേഹം വളരെ മുന്നിലാണെന്നാണ് ദേശീയ തലത്തിൽ ഓരോ തിരഞ്ഞെടുപ്പും കാണിക്കുന്നത് .
ബി.ജെ.പി പ്രാദേശിക വിഷയങ്ങളേക്കാൾ ദേശീയ വിഷയങ്ങളാകും തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുക.കഴിഞ്ഞ തവണ ബാലക്കോട്ട്,പുൽവാമ എന്നീ വിഷയങ്ങളാണ് ഉന്നയിച്ചത്.അതിലൂടെയെല്ലാം മോദി ശക്തനായ നേതാവാണെന്ന പ്രതിച്ഛായ പകരുന്നുണ്ട്.
ദേശീയത വളർത്തിയെടുക്കുന്നതിന് മോദി ഒരു വലിയശ്രമം നടത്തുന്നുണ്ട്.ചിലർ അതിൽ തത്പ്പരരാകുകയും മറ്റു ചിലർ വിമർശകരാവുകയും ചെയ്യാറുണ്ട്.ആ നിലയ്ക്ക് നോക്കുമ്പോൾ ഇഷ്ടപ്പെടുന്നവരും എതിർക്കുന്നവരുമുണ്ട്.മോദി അഭിമാനം വളർത്തിയോയെന്നു ചോദിച്ചാൽ അതേയെന്ന് പറയുന്നവർ ഒരുപാടുണ്ട്.
ഇല്ലെന്നു പറയുന്നവരുമുണ്ട്.ആളുകളെ ഭിന്നിപ്പിക്കുകയും രാജ്യത്തിന്റെ ഐക്യം തകർക്കുകയും ചെയ്യുന്ന നേതാവായി മോദിയെ വിശേഷിപ്പിക്കുന്നവരുമുണ്ട്.
മോദി ഒരു വളരെ ഇന്റലിജന്റ് രാഷ്ട്രീയക്കാരനാണെന്നു ഞാൻ പറയും.ബുദ്ധിമാനായ കമ്മ്യൂണിക്കേറ്ററുമാണ്.പക്ഷേ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ ഞാൻ ഖിന്നനാണ്.
മതസ്പർദ്ധ വളർത്തുന്നു
ഇപ്പോൾ സോഷ്യൽ മീഡിയ വളരെ സജീവമാണ്. അതിനെ എങ്ങനെ കാണുന്നു?
സോഷ്യൽ മീഡിയ തുടങ്ങിയപ്പോൾ അത് നല്ലതായിരിക്കുമെന്നാണ് ഞാൻ കരുതിയത്.കാരണം ഫീഡ്ബാക്ക് ആവശ്യമായിരുന്നു.ലെറ്റേഴ്സ് ടു ദി എഡിറ്ററെ അന്നുണ്ടായിരുന്നുള്ളുവല്ലോ.എന്നാൽ ഇപ്പോൾ പല പ്രശ്നങ്ങൾക്കും കാരണം സോഷ്യൽ മീഡിയയാണ്. അപകടകരമായ കാര്യം മതസ്പർദ്ധ വളർത്തുന്നുവെന്നതാണ്.അതിപ്പോൾ സോഷ്യൽ മീഡിയയിലും ടി.വിയിലും ഒരുപോലെയുണ്ട്.ടെലിവിഷനും ജനങ്ങളെ ഭിന്നിപ്പിക്കുന്നുണ്ട്.
ന്യൂസ് ചാനലുകളിലെ രാത്രികാല ചർച്ചകൾ പ്രേക്ഷകർക്ക് വിരസമായി തോന്നിത്തുടങ്ങിയിട്ടുണ്ട്?
അഞ്ചും ആറുംപേർ ചാനലിലിരുന്ന് എന്നും രാത്രി ഒച്ചയിടുന്നത് പ്രേക്ഷകർ എന്തിന് കാണണം.ഒ.ടി.ടി വന്നതോടെ ജനങ്ങൾക്ക് ഐ പാഡിലോ മൊബൈലിലോ സിനിമ കാണാം.അതു ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്.
ഡിജിറ്റൽ മീഡിയയുടെ ആധിപത്യമാണോ?
അവരും നിൽക്കാനുള്ള ഇടം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.എന്നാൽ ടി.വി യുടെ സുവർണകാലം കഴിഞ്ഞുവെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.എന്നിട്ടും ആളുകൾ ടിവി കാണുന്നുണ്ട്.പ്രത്യേകിച്ചും ഒരു വലിയ വാർത്ത ഉണ്ടാകുമ്പോൾ.

ടിവിയിൽ നാടകം കളി
ഈയടുത്തകാലത്തായി ദൃശ്യമാദ്ധ്യമങ്ങൾക്കെതിരെനിശിതവിമർശനമുയരുന്നുണ്ട് .ദൃശ്യ മാദ്ധ്യമങ്ങളുടെ വിശ്യാസ്യതനഷ്ടമായതായി കരുതുന്നുണ്ടോ?
പലപ്പോഴും രാത്രികളിൽ എന്നെ അലട്ടുന്ന ഒരു ചോദ്യം കൂടിയാണിത്.ദൃശ്യമാദ്ധ്യമത്തിൽ ന്യൂസിനു പകരം നോയിസായി. സെൻസിനു പകരം സെൻസേഷനായി.വിശ്യാസ്യത താറുമാറായി.ഇപ്പോൾ എല്ലാവരും ടിവിയിൽ നാടകം കളിക്കുകയാണ്,കൂടുതൽ ശബ്ദം,കുറച്ചു വാർത്തകൾ എന്ന അവസ്ഥയായി. ഞാൻ ജേർണലിസ്റ്റാകുമ്പോൾ ന്യൂസ് റൂമിൽ ടൈപ്പ് റൈറ്ററുകൾ മാത്രമേയുണ്ടായിരുന്നുള്ളു. ബ്രേക്കിംഗ് ന്യൂസുകളും ഇല്ലായിരുന്നു.ഉച്ചഭക്ഷണം ദീർഘമായി സമയമെടുത്ത് കഴിക്കാം.വൈകുന്നേരം വന്ന് വാർത്തകൾ ഫയൽ ചെയ്താൽ മതിയായിരുന്നു.പക്ഷേ ഒന്നാമനാകാനുള്ള മത്സരം വന്നതോടെ എല്ലാം അലങ്കോലമായി.മുമ്പ് ഒരു പത്രസമ്മേളനത്തിൽ വൈകിച്ചെന്നാൽ മറ്റൊരു പത്രത്തിലെ ലേഖകൻ എല്ലാ വിവരങ്ങളും പറഞ്ഞുതരുമായിരുന്നു.അദ്ദേഹമെടുത്ത കുറിപ്പുകൾപോലും കാണിക്കും.ആ സ്പിരിറ്റ് ഇന്നില്ല.ആ സ്പിരിറ്റില്ലാതെ എന്താണ് ജേർണലിസം.
കാവൽ നായ മടിത്തട്ടിലെ നായയായി
മീഡിയയുടെ റോൾ കാവൽ നായയിൽ നിന്ന് (വാച്ച് ഡോഗ്)മടിത്തട്ടിലെനായ(ലാപ് ഡോഗ്) യിലേക്ക് മാറിയെന്ന് താങ്കൾ പറഞ്ഞതെന്തിനാണ്?
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ അധികാരത്തിലിരിക്കുന്നവരോട് എവിടെയാണ് നമ്മൾ കഠിനമായ ചോദ്യങ്ങൾ ചോദിച്ചിട്ടുള്ളത്?ഒരു ചോദ്യത്തിനും ഉത്തരം നൽകാതെ അധികാരത്തിലിരിക്കുന്നവർ പോകുമ്പോൾ ഉത്തരവാദിത്വം ആർക്കാണ്?ഡൽഹിയിൽ മാദ്ധ്യമങ്ങളിന്ന് സർക്കാരിനു പകരം പ്രതിപക്ഷത്തെയാണ് ചോദ്യം ചെയ്യുന്നത്.ശരിക്കും തിരിച്ചല്ലേ വേണ്ടത്.പ്രധാനമന്ത്രിയാകട്ടെ ഒരു പത്രസമ്മേളനം പോലും നടത്താറില്ല.സംസാരിക്കാൻ ആഗ്രഹിക്കുമ്പോഴാകട്ടെ മുതിർന്ന മന്ത്രിമാർ അവർക്കിഷ്ടമുള്ള മാദ്ധ്യമപ്രവർത്തകരെ മാത്രം കാണും.വിവരാവകാശം വഴി വിവരങ്ങൾ തേടിയാൽ ആ വിവരം നൽകാനാവില്ലെന്ന മറുപടിയാകും ലഭിക്കുക..ഒരു ഉത്തരവാദിത്വവും ആർക്കുമില്ല.അപ്പോൾ കാവൽ നായയുടെ സ്ഥാനം മടിത്തട്ടിലാകുന്നു.നേതാവ് പറയുന്നതുമാത്രമെ ലാപ് ഡോഗ് പിന്തുടരുകയുള്ളു.
കോൺഗ്രസ് പ്രതിസന്ധിയിൽ
രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് ഭാവിയുണ്ടോ?
കോൺഗ്രസ് വലിയൊരു പ്രതിസന്ധി നേരിടുകയാണ്.അതിനവർ ഇനിയും പരിഹാര മാർഗങ്ങൾ കണ്ടെത്തിയതായി ഞാൻ കരുതുന്നില്ല.നല്ലതാണെങ്കിലും ഒരു ഭാരത് ജോഡോ യാത്രകൊണ്ട് ഒന്നുമാകുന്നില്ല.തിരഞ്ഞെടുപ്പുകൾ വിജയിക്കുന്നത് ഇപ്പോൾ ബൂത്ത് ലെവലിലാണ്. ബി.ജെ.പിയുമായി താരതമ്യപ്പെടുത്തുമ്പോൾ കോൺഗ്രസിന് ഇപ്പോഴും അതിനു കഴിയുന്നില്ല.വിഭവങ്ങളില്ല,മാദ്ധ്യമ പിന്തുണയില്ല.അവർക്ക് കുറേക്കൂടി ശക്തമായ നേതൃത്വം വേണം.ഏറ്റവും പ്രധാനം ബൂത്ത് ലെവൽ തൊട്ട് മികച്ച സംഘടനാ സംവിധാനം വേണമെന്നതാണ്.