
അതിയായ ആഗ്രഹത്തോടെ, ആത്മവിശ്വാസത്തോടെ കഠിനാധ്വാനം ചെയ്‌താൽ നേടാൻ സാധിക്കാത്തതായി ഒന്നും തന്നെയില്ലെന്ന് പറയാറുണ്ട്. പ്രായം വെറും നമ്പർ മാത്രമായി മാറുന്ന ചില സമയങ്ങളുണ്ട്. അത്തരത്തിൽ പവർലിഫ്റ്റിംഗിലൂടെ അഹമ്മദാബാദിലെ കനക് ഇന്ദർസിംഗ് ഗുർജർ എന്ന പത്തുവയസുകാരി ഏവരെയും വിസ്‌മയിപ്പിക്കുകയാണ്.
102.5 കിലോഗ്രാം ഉയർത്തിയാണ് കൊച്ചുമിടുക്കി കൈയടി നേടിയത്. മൊട്ടേരയിൽ വച്ച് നടന്ന മീറ്റിലായിരുന്നു കൊച്ചുമിടുക്കിയുടെ പ്രകടനം. ഇതോടെ അടുത്തവർഷം യുഎസിലെ ഫ്‌ളോറിഡയിലെ ഒർലാൻഡോയിൽ നടക്കുന്ന ലോക പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള വഴി തുറന്നു. ഒക്ടോബർ 30 മുതൽ നവംബർ അഞ്ച് വരെയാണ് ലോക പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
കുട്ടിയുടെ മാതാപിതാക്കളായ ഇന്ദർ സിംഗും ഗുർജർ ധാരിണി ഗുർജറും പവർലിഫ്റ്റിംഗ് താരങ്ങളാണ്. അന്താരാഷ്ട്ര മീറ്റുകളിൽ നിരവധി മെഡലുകൾ ഇവർ സ്വന്തമാക്കിയിട്ടുണ്ട്. 2021 ഡിസംബറിൽ 75 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡൽ നേടിയാണ് ഇന്ദർ സിംഗ് ശ്രദ്ധനേടിയത്.
'ഞാനും ഭാര്യയും മൊട്ടേരയിൽ നടന്ന ഗുജറാത്ത് സ്റ്റേറ്റ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയിരുന്നു. മുതിർന്ന ഒരു വനിതാ കായികതാരം ഞങ്ങളേക്കാൾ കൂടുതൽ ഭാരം പൊക്കുന്നത് കണ്ടപ്പോൾ ഇത് തനിക്കും പരീക്ഷിക്കണമെന്ന് മോൾ ഞങ്ങളോട് പറഞ്ഞു. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അവൾ 102.5 കിലോ ഉയർത്തിയത്.' -മാതാപിതാക്കൾ പറഞ്ഞു.
'സാധാരണയായി പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ ജിം പരിശീലനം ചെയ്യാൻ ഞങ്ങൾ അനുവദിക്കാറില്ല. അവരോട് ഫിറ്റ്നസ് നിലനിർത്താൻ ഓടാനും ശാരീരിക അദ്ധ്വാനം കുറഞ്ഞ വ്യായാമം ചെയ്യാനുമാണ് നിർദേശിക്കാറ്. എന്നാൽ ഇപ്പോൾ കനക് എന്നോടൊപ്പം ജിമ്മിൽ വന്ന് ലിഫ്റ്റിംഗ് പരിശീലിക്കാറുണ്ട്.'- ഇന്ദർ സിംഗ് വ്യക്തമാക്കി.