
പത്തനംതിട്ട: തിരുവല്ലയിലെ ദമ്പതികൾക്കുവേണ്ടി ബലിയർപ്പിക്കപ്പെട്ടതിൽ ഒരാൾ ലോട്ടറി വിൽപ്പന നടത്തിയിരുന്ന പൊന്നുരുളി സ്വദേശിനി പത്മയെന്ന് റിപ്പോർട്ട്. ഇവരെ പണം നൽകാമെന്ന് പ്രലോഭിപ്പിച്ച് കൊണ്ടുപോയി തലയറുത്ത് കൊന്നശേഷം മൃതദേഹം പല കഷണങ്ങളാക്കുകയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇവർക്ക് അമ്പതിനടുത്ത് പ്രായമുണ്ടാകുമെന്നാണ് അറിയുന്നത്. ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നും അറിയുന്നുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ എസ്ആർഎം റോഡിൽ താമസിക്കുന്ന ഷാഫി എന്നയാളെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഒരു സ്ത്രീയെ കാണാനില്ലെന്നുള്ള പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന അരുംകൊലകളുടെ രഹസ്യം വെളിപ്പെട്ടത്. പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ സിഗ്നൽ പത്തനംതിട്ടയിൽ കാണിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മുഖ്യപ്രതിയെ പിടികൂടിയെങ്കിലും കൂടുതൽ പേർ സംഭവത്തിനു പിന്നിലുണ്ടെന്നാണു കരുതുന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല. പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വൈകുന്നേരത്തോടെ പ്രതികളുടെ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.