d-y-chandrachud

ന്യൂഡൽഹി: ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഢിനെ നിയമിക്കാൻ ശുപാർശ. ചീഫ് ജസ്റ്റിസ് യു യു ലളിതാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാർശ കൈമാറിയത്. നവംബർ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിയുക്ത ചീഫ് ജസ്റ്റിസിന് ശുപാർശയുടെ പകർപ്പ് ഇന്ന് രാവിലെ സുപ്രീംകോടതിയിലെ ജഡ്ജസ് ലോഞ്ചിൽ ജഡ്ജിമാരുടെ സാന്നിദ്ധ്യത്തിൽ ചീഫ് ജസ്റ്റിസ് യു യു ലളിത് കൈമാറി.

രണ്ട് വർഷത്തെ കാലാവധിയാണ് ചീഫ് ജസ്റ്റിസ് പദവിയിൽ ഡി വൈ ചന്ദ്രചൂഢിനുള്ളത്. 2024 നവംബർ പത്തിനാണ് വിരമിക്കുക. 2016 മേയ് 13നായിരുന്നു ഡി വൈ ചന്ദ്രചൂ‌ഢ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്. അതിനുമുമ്പ് രണ്ട് വർഷവും ഏഴു മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000 മാർച്ച് 29നാണ് മുംബയ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി അദ്ദേഹം ചുമതലയേൽക്കുന്നത്. 1998 മുതൽ മുംബയ് ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.