
തിരുവനന്തപുരം : ഉയർന്ന ശമ്പളം തേടി വിദേശ രാജ്യങ്ങളിലേക്ക് നഴ്സുമാർ കൂട്ടത്തോടെ പോകാൻ തുടങ്ങിയതോടെ, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് തസ്തികൾ 20 ശതമാനം ഒഴിഞ്ഞു. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള 514സ്വകാര്യ ആശുപത്രികളിലായി 82,000 നഴ്സുമാരാണുള്ളത്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇതിൽ 16,500ഓളം തസ്തികകൾ ഒഴിഞ്ഞതായാണ് കണക്ക്. പഠനം കഴിഞ്ഞിറങ്ങുന്നവരെ കണ്ടെത്തിയാണ് ആശുപത്രികൾ പിടിച്ചു നിൽക്കുന്നത്.പരിചയ സമ്പത്തില്ലാത്ത നഴ്സുമാരുടെ കുറവ് രോഗീപരിചരണത്തെ സാരമായി ബാധിക്കും. നഴ്സുമാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് കേരളകൗമുദി റിപ്പോർട്ടിന് പിന്നാലെ, ആരോഗ്യമന്ത്രിയുടെ ഓഫീസ് നഴ്സിംഗ് കൗൺസിലിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു
പ്രശ്‌നവും പരിഹാരവും
■82000നഴ്സുമാരെ ആവശ്യമുള്ളപ്പോൾ 9841 പേർ മാത്രം പഠിച്ചിറങ്ങുന്നു.നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കണമെന്നും ,പുതിയ കോളേജുകൾക്ക് അനുമതി നൽകണമെന്നും ആവശ്യം ശക്തം
■ജനറൽ നഴ്സിംഗ് പൂർത്തിയാവാൻ മൂന്നു വർഷവും ബി.എസ്.സി നഴ്സിംഗിന് നാലു വർഷവും വേണം.
■മെച്ചപ്പെട്ട ശമ്പളം തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോയ നഴ്സുമാരെ കൂടുതൽ ശമ്പളം നൽകി തിരികെ എത്തിക്കണം
പോസ്റ്റൽ വകുപ്പിന് 13 ലക്ഷം
ഈ വർഷം ഇതുവരെ 14000നഴ്സുമാർ വിദേശത്തേക്ക് ജോലിയ്ക്ക് പോയെന്നാണ് നോർക്കയുടെ കണക്ക്. വിദേശത്തേക്ക് സന്ദർശക വിസയിലും പഠനത്തിനായും പോകുന്ന നഴ്സുമാർ കൂട്ടത്തോടെ ജോലിയിൽ പ്രവേശിക്കുകയാണ്. ഇതിന് തെളിവാണ് ആഗസ്റ്റിൽ കേരള നഴ്സിംഗ് കൗൺസിൽ വിദേശത്തേക്ക് അയച്ച വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകളുടെ എണ്ണം. ഇതിനായി ഇന്ത്യ പോസ്റ്റിന് 13 ലക്ഷം രൂപയാണ് നഴ്സിംഗ് കൗൺസിൽ നൽകേണ്ടത്.
യു.കെയിൽ മാത്രമാണ് ഓൺലൈനായി വെരിഫിക്കേഷൻ. മറ്റുള്ള രാജ്യങ്ങളിലെല്ലാം ബന്ധപ്പെട്ട കൗൺസിലിൽ സർട്ടിഫിക്കറ്റ് നേരിട്ടെത്തിക്കണം. നഴ്സുമാർ ജോലിയിൽ പ്രവേശിക്കുന്ന ഘട്ടത്തിൽ അവിടെ നിന്ന് ഓൺലൈനായി കൗൺസിലിലേക്ക് വെരിഫിക്കേഷന് അപേക്ഷ സമർപ്പിച്ച് 2000 രൂപ ഫീസ് അടയ്ക്കും.
'സ്വകാര്യ ആശുപത്രികളിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ വേണം.'
-ഡോ.ദേവിൻ പ്രഭാകർ
വൈസ് പ്രസിഡന്റ്,
ക്വാളിഫൈഡ് മെഡിക്കൽ
പ്രാക്ടീഷണേഴ്സ് അസോ.