
പത്തനംതിട്ട: നരബലിക്ക് സ്ത്രീകളെ എത്തിച്ചുകൊടുത്ത ഏജന്റ് ഷാഫിയും ഭഗവൽ സിംഗും തമ്മിൽ ബന്ധപ്പെടാനിടയാക്കിയത് ഒരു ഫേസ്ബുക്ക് പോസ്റ്റ്. ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്ന ഫെയ്സ്ബുക് പോസ്റ്റ് ഷാഫി ഇട്ടിരുന്നു. ഇതു കണ്ടാണ് ഭഗവൽ സിംഗും ഭാര്യ ലൈലയും അയാളുമായി ബന്ധപ്പെട്ടത്. ദമ്പതികളുടെ വിശ്വാസം നേടിയെടുക്കാനായതോടെ സമ്പദ്‌സമൃദ്ധി നേടാനുള്ള ഏക വഴി നരബലിയാണെന്ന് അവരെ വിശ്വസിപ്പിച്ചു. അതോടെ ബലിനടത്താമെന്ന് ദമ്പതികൾ സമ്മതിക്കുകയായിരുന്നു. മുന്നൊരുക്കൾ നടത്താനെന്ന പേരിൽ ഇയാൾ ദമ്പതികളിൽ നിന്ന് വൻതുക കൈക്കലാക്കുകയും ചെയ്തത്രേ.
ഇതിനുശേഷമാണ് ബലിയർപ്പിക്കാനുള്ള സ്ത്രീകളെ ഷാഫി കണ്ടെത്തുന്നത്. ആറു മാസം മുൻപ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നൽകി. മന്ത്രവാദം വേണ്ടത്ര ഏശിയില്ലെന്നും ഒരാളെ കൂടി ബലി കൊടുക്കണം എന്നും ഷാഫി പറഞ്ഞു. തുടർന്നാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്തംബർ 26നു കടത്തിക്കൊണ്ടുപോയതും ബലിനൽകിയതും. പത്മത്തെ കാണാനില്ലെന്നുള്ള പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ദുർമന്ത്രവാദവും നരബലിയും സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളും ലോട്ടറി കച്ചവടക്കാരാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മൃതദേഹഭാഗങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്.