
കോട്ടയം: കേരളത്തെ നടുക്കിയ നരബലിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏജന്റ് ഷാഫി എന്ന റഷീദ് ഐശ്വര്യം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു വൈദ്യൻ ഭഗവൽ സിംഗിനെയും ഭാര്യ ലൈലയേയും നരബലി നടത്താൻ പ്രേരിപ്പിച്ചത്. ബലി കൊടുക്കാനുള്ളവരെ താൻ എത്തിക്കാമെന്നും ഇയാൾ ദമ്പതികളോട് പറഞ്ഞിരുന്നു.
ജൂണിലായിരുന്നു ആദ്യത്തെ കൊലപാതകം നടന്നത്. ലോട്ടറി വിൽപ്പനക്കാരിയായ തൃശൂർ വടക്കാഞ്ചേരി സ്വദേശിനി റോസ്‌ലിയാണ് ആദ്യം കൊല്ലപ്പെട്ടത്. ഇവരെ റഷീദിന് പരിചയമുണ്ടായിരുന്നു. തുടർന്ന് അശ്ലീല പടത്തിൽ അഭിനയിപ്പിക്കാമെന്നും പത്ത് ലക്ഷം രൂപ തരാമെന്നും പറഞ്ഞാണ് റോസ്‌ലിയെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയത്.
വീട്ടിൽ എത്തിച്ചതിന് പിന്നാലെ റോസ്‌ലിയെ വീട്ടിൽ പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയിലെ കട്ടിലിൽ കെട്ടിയിട്ടു. സിനിമയിൽ അഭിനയിക്കാനല്ലേ കൊണ്ടുവന്നതെന്നും എന്തിനാണ് കെട്ടിയിടുന്നതെന്നും ചോദിച്ചപ്പോൾ സ്വാഭാവികത വരുത്താനെന്നായിരുന്നു മൂവർ സംഘം പറഞ്ഞത്. പിന്നെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇത്തരത്തിലുള്ള പൂജ നടത്താൻ സിദ്ധൻ ദമ്പതികളിൽ നിന്ന് വൻതുക കൈക്കലാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
പറഞ്ഞതുപോലെ നരബലി നടത്തിയിട്ടും ഐശ്വര്യം വരാതായതോടെ ദമ്പതികൾ സിദ്ധനോട്( റഷീദ്) ഇതിനെപ്പറ്റി അന്വേഷിച്ചു. നരബലി നൽകിയിട്ട് മാസങ്ങളായല്ലോ എന്തുകൊണ്ട് ഐശ്വര്യം വരുന്നില്ല എന്നായിരുന്നു ചോദ്യം. ആ നരബലി ഫലിച്ചില്ലെന്നും അതിന് കാരണം തങ്ങൾക്ക് ശാപം കിട്ടിയിട്ടുണ്ട്. ഒരു കൊലപാതകം കൂടി നടത്തിയാൽ ഐശ്വര്യം വരുമെന്നും ദമ്പതികളെ വിശ്വസിപ്പിച്ചാണ് രണ്ടാമത്തെ അരും കൊല.