bhagaval-singh

പത്തനംതിട്ട: രണ്ട് സ്ത്രീകളെ നരബലി നടത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഭഗവൽ സിംഗ് സജീവ സി പി എം പ്രവർത്തകൻ. ഹൈകു കവി കൂടിയായ ഭഗവൽ സിംഗ് പാർട്ടി പത്രത്തിന്റേതുൾപ്പെടെ നിരവധി പോസ്റ്റുകൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നേരത്തേ സജീവ പാർട്ടി പ്രവർത്തകനാണെങ്കിലും ഇപ്പോൾ അങ്ങനെയല്ലെന്നും നാട്ടുകാരിൽ ചിലർ പറയുന്നുണ്ട്. ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പണിത് നൽകിയ കെട്ടിടത്തിലാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. വായനശാല കേന്ദ്രീകരിച്ചും മറ്റ് സാംസ്കാരിക കൂട്ടായ്മകളിലുമെല്ലാം ഭഗവൽ സിംഗ് സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. കവിതാ ശിൽപശാലകൾ നടത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു.

cpm

മലയോരഗ്രാമമായ ഇലന്തൂരിൽ ഒറ്റപ്പെട്ടയിടത്താണ് ഭഗവൽ സിംഗിന്റെ വീട്. കാടുപിടിച്ച് കിടക്കുന്ന വീടും പരിസരവും, വീട്ടിലേക്ക് കയറിച്ചെല്ലുന്ന സ്ഥലത്ത് തന്നെ കാവുണ്ട്. ആദ്യഭാര്യയുമായി പതിനഞ്ച് വർഷം മുൻപ് ഇയാൾ വിവാഹമോചനം നേടിയിരുന്നു. ഇപ്പോഴത്തെ ഭാര്യ ലൈല ഇലന്തൂരിൽ തന്നെ ഉള്ള സ്ത്രീയാണെന്നാണ് റിപ്പോർട്ട്. ആദ്യ വിവാഹത്തിൽ ഒരു മകനും മകളുമുണ്ട്. രണ്ട് പേരും വിദേശത്താണ്.

അതേസമയം, മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.