
മൊഹാലി : സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് പത്തരമാറ്റ് തിളക്കമുള്ള വിജയത്തുടക്കം. ഇന്നലെ മൊഹാലിയിൽ നടന്ന ആദ്യമത്സരത്തിൽ പത്തുവിക്കറ്റിന് അരുണാചൽ പ്രദേശിനെയാണ് കേരളം കീഴടക്കിയത്. 11 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അരുണാചലിന് ആറുവിക്കറ്റ് നഷ്ടത്തിൽ 53 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ കേരളം ഒരു വിക്കറ്റുപോലും കളയാതെ 4.5 ഓവറിൽ ലക്ഷ്യത്തിലെത്തി. രണ്ടോവറിൽ നാലുറൺസ് മാത്രം വഴങ്ങിയ മനുകൃഷ്ണനും ആറുറൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത എൻ.പി ബേസിലും 11 റൺസ് വഴങ്ങി രണ്ട് വിക്കറ്റുവീഴ്ത്തിയ സിജോമോനും 10 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ എസ്.മിഥുനും ചേർന്നാണ് അരുണാചലിനെ 53ൽ ഒതുക്കിയത്. മറുപടി ബാറ്റിംഗിൽ 13 പന്തുകളിൽ 32 റൺസുമായി രോഹൻ എസ്.കുന്നുമ്മലും 16പന്തുകളിൽ 23 റൺസുമായി വിഷ്ണു വിനോദും മികച്ചുനിന്നു.29 പന്തുകൾ മാത്രമാണ് കേരളത്തിന് ജയിക്കാൻ വേണ്ടിവന്നത്.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളം കർണാടകത്തെ നേരിടും. വൈകിട്ട് 4.30 മുതലാണ് മത്സരം.