
ഫുട്ബാളിലും സോഫ്ട് ബാളിലും വെള്ളി
അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ തുഴ കൊണ്ട് വീണ്ടും പൊന്നുവേട്ട നടത്തി കേരളം. ഇന്നലെയും കനോയിംഗ്,കയാക്കിംഗ് ഇനങ്ങളിൽ നിന്ന് കേരളത്തിന് ഇരട്ട സ്വർണം ലഭിച്ചു. വനിതാ വിഭാഗത്തിൽ നിന്നാണ് രണ്ട് പൊന്നുകളും പിറന്നത്. വനിതകളുടെ 200 മീറ്റർ സിംഗിൾ കയാക്കിംഗിൽ ജി.പാർവതിയും കനോയിംഗിൽ മേഘ പ്രദീപുമാണ് ഇന്നലെ സ്വർണം നേടിയത്. ഇരുവരുടെയും രണ്ടാം സ്വർണമായിരുന്നു ഇന്നലത്തേത്.
ഇന്നലെ വൈകിട്ട് നടന്നഫുട്ബാളിൽ ഫൈനലിൽ തോറ്റ കേരളത്തിന് വെള്ളിയിലൊതുങ്ങേണ്ടിവന്നു.കലാശക്കളിയിൽ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് പശ്ചിമബംഗാളാണ് കേരളത്തെ കീഴടക്കിയത്. സോഫ്ട്ബാൾ ഗ്രാന്റ് ഫൈനലിൽ പഞ്ചാബിനോട് 6-2 ന് തോറ്റതോടെ വെള്ളി നേടി. കഴിഞ്ഞ വർഷം നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പഞ്ചാബിനെ തോൽപ്പിച്ച് കിരീടം നേടിയ ടീമിലുണ്ടായിരുന്ന പത്തുപേർ ദേശീയ ഗെയിംസിനുണ്ടായിരുന്നെങ്കിലും ഇക്കുറി പഞ്ചാബിനെ പിടിച്ചുകെട്ടാനായില്ല. രാവിലെ നടന്ന ഫൈനലിൽഛത്തിസ്ഗഡിനെ 2-1ന് തോൽപ്പിച്ചാണ് കേരളം ഗ്രാന്റ്ഫൈനലിൽ ഇടം പിടിച്ചത്.
ഇതോടെ കേരളം 21 സ്വർണവും 17വെള്ളിയും 13വെങ്കലവും ഉൾപ്പടെ 51 മെഡലുകളുമായി ആറാം സ്ഥാനത്തേക്ക് ഉയർന്നു.56 സ്വർണമുൾപ്പടെ 120 മെഡലുകൾ തികച്ച സർവീസസാണ് ഒന്നാം സ്ഥാനത്ത്.ഗെയിംസ് ഇന്ന് സമാപിക്കും. അടുത്തവർഷം ഗോവയിൽ 37-ാമത് ഗെയിംസ് നടക്കും.
പുന്നമടക്കായലിലെ വെണ്ണിലാചന്ദനക്കിണ്ണങ്ങൾ
ഗുജറാത്തിലെ ദേശീയ ഗെയിംസിലെ മെഡൽപ്പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തിനുപുറത്തേക്ക് പോയിരുന്ന കേരളത്തെ ഇപ്പോൾ ആറാം സ്ഥാനത്തേക്ക് തുഴഞ്ഞടുപ്പിച്ചിരിക്കുകയാണ് കനോയിംഗ് കയാക്കിംഗ് താരങ്ങൾ. ആലപ്പുഴ പുന്നമടയിലുള്ള സായ് പരിശീലനകേന്ദ്രത്തിലെ താരങ്ങളാണ് കേരളത്തിന്റെ വെണ്ണിലാ ചന്ദനക്കിണ്ണങ്ങളായിമാറിയത്. ഇന്നലെ ഇരട്ട സ്വർണം സ്വന്തമാക്കിയ മേഘയും പാവർതിയും ആലപ്പുഴക്കാരികളാണ്. കഴിഞ്ഞ ദിവസം സ്വർണം നേടിയ ടീമിലെ അലീന ബിജു കാസർകോടുകാരിയാണ്.
പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്താണ് കേരളത്തിന്റെ വനിതാതുഴച്ചിൽക്കാർ മത്സരിച്ച ആറിനങ്ങളിൽ നാലിലും സ്വർണം നേടിയത്. തിങ്കളാഴ്ചയും കനോയിംഗ്,കയാക്കിംഗ് മത്സരങ്ങളിലായി രണ്ട് സ്വർണമെഡലുകൾ കേരളത്തിന്റെ അക്കൗണ്ടിലെത്തിയിരുന്നു. വനിതാ വിഭാഗം 500 മീറ്റർ ഡബിൾസ് കനോയിംഗ് പെയർ വിഭാഗത്തിൽ മേഘ പ്രദീപ് -അക്ഷയ സുനിൽ സഖ്യവും കയാക്കിംഗ് ഫോർ വിഭാഗത്തിൽ ട്രീസ ജേക്കബ്, ശ്രീലക്ഷ്മി, പാർവതി, അലീന ബിജു എന്നിവരടങ്ങിയ ടീമുമാണ് സ്വർണം നേടിയത്.
രണ്ട് ഇനങ്ങളിൽ സ്വർണം നഷ്‌മായത് മത്സരം നടന്ന സബർമതി നദിയിലെ ജലസസ്യങ്ങളിലും മാലിന്യങ്ങളിലും വഞ്ചിയുടെ റഡാർ സംവിധാനം കുടുങ്ങിയതുകൊണ്ടാണ്.പുരുഷവിഭാഗത്തിലും കേരളത്തിന് ഇതേ തിരിച്ചടികൾ സംഭവിച്ചു. ഒന്നരമാസമായി പുന്നമടയിൽ സംസ്ഥാന കനോയിംഗ്-കയാക്കിംഗ് അസോസിയേഷൻ നടത്തിയ പരിശീലനക്യാമ്പിന് ശേഷമാണ് ടീം ഗുജറാത്തിലെത്തിയത്. ജയന്തോ,ബേബിചാക്കോ ,ജോഷിമോൻ എന്നിവരാണ് പരിശീലകർ. മാനേജർ കെ.എൻ ബിന്ദു.