
പത്തനംതിട്ട: പത്തനംതിട്ടയിൽ സ്ത്രീകളെ നരബലി നടത്തിയ സംഭവത്തിൽ ഇരകളിലൊരാളുടെ മൃതദേഹാവശിഷ‌്ടങ്ങൾ കണ്ടെടുത്തു. പ്രതിയായ ഭഗവൽസിംഗിന്റെ വീടിന് സമീപത്തു നിന്നുമാണ് ഇരകളിൽ ഒരാളായ പത്മയുടെ മൃതദേഹാവശിഷ്‌ടം കണ്ടെത്തിയത്. വീട്ടിൽ നിന്നും 50 മീറ്റർ മാറിയാണ് മൃതദേഹാവശിഷ‌്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. വീട്ടുവളപ്പിനോട് ചേർന്ന് കിടക്കുന്ന കാടുമൂടിയ പ്രദേശത്താണ് മൃതദേഹം കുഴിച്ചിട്ടത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കൃത്യം ചെയ‌്ത സ്ഥലം വിവരിച്ചു കൊടുക്കുകയായിരുന്നു. തുടർന്ന് ഇവരെ സംഭവസ്ഥലത്തെത്തിച്ച ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്.
കടവന്ത്രയിൽ നിന്നും കാണാതായ പത്മയുടെ മൃതദേഹാവശിഷ്‌ടമാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ തന്നെയാണ് സ്ഥിരീകരിച്ചത്. വിവിധ കഷ്‌ണങ്ങളാക്കി മുറിച്ചു മാറ്റിയ നിലയിലായിരുന്നു മൃതദേഹം. അവശിഷ്‌ടങ്ങൾ ഇനിയും കണ്ടെടുക്കാനുണ്ട്. ഇതു പൂർത്തിയാക്കിയ ശേഷം മാത്രമേ റോസ്‌ലിയുടെ മൃതദേഹത്തെ കുറിച്ചുള്ള തിരച്ചിൽ ആരംഭിക്കുകയുള്ളൂ. ഭഗവൽ സിംഗിന്റെ വീടിന്റെ മതിലിനോട് ചേർന്നാണ് റോസ്‌ലിയെ കുഴിച്ചിട്ടിരിക്കുന്നതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.
ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെ പൊലീസ് ഭഗവൽ സിംഗിനെയും ഭാര്യ ലൈലയെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് എന്തോ പന്തികേടുണ്ടെന്ന് നാട്ടുകാർക്ക് മനസിലായത്. എന്നാൽ ഇരുവരും അരുംകൊല നടത്തിയതാണെന്ന് നാട്ടുകാർക്ക് മനസിലായത് ഇന്ന് രാവിലെയോടെയാണ്. വിവരമറിഞ്ഞ് വൈദ്യർ ചികിത്സിച്ചിരുന്ന രോഗികളിൽ പലരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
സാമ്പത്തിക ഉന്നമനത്തിനായി ഭഗവൽ സിംഗ് ബലിയർപ്പിക്കൽ നടത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചത് രണ്ടാഴ്ചയ്ക്കുമുമ്പാണ്. രണ്ടാഴ്ചയായി ഇതുസംബന്ധിച്ച് അന്വേഷണത്തിലാണ്. വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമായിരുന്നു ഇരുവരെയും കസ്റ്റഡിയിലെടുത്തത്.