ഇടവേളക്കുശേഷം മൈഥിലി സിനിമയിൽ

രണ്ട് പുതിയ വിശേഷങ്ങളിലാണ് മൈഥിലി. ജീവിതത്തിൽ അമ്മയാവാൻ പോവുന്നു.അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം പ്രേക്ഷകർ മൈഥിലിയെ അടുത്തിടെ തിയേറ്ററിൽ കണ്ടു.ശ്രീനാഥ് ഭാസിയും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചട്ടമ്പി എന്ന ചിത്രം ആണ് മൈഥിലിയുടെ പുതിയ റിലീസ്.സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ വാരാന്ത്യ കൗമുദിയോട് മൈഥിലി.
ചട്ടമ്പി സിനിമയിൽ ഇതേ വരെ കാണാത്ത മൈഥിലി?
രാജി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആദ്യമായാണ് നെഗറ്റീവ് കഥാപാത്രം .അതിന്റെ സന്തോഷം വലുതാണ്. വിവാഹത്തിന് മുൻപാണ് ചട്ടമ്പിയിൽ അഭിനയിക്കുന്നത്. മികച്ച സിനിമകളുടെ ഭാഗമാവാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകളിലാണല്ലോ?
മരണം വരെ ഈ സന്തോഷം നിലനിറുത്താനാണ് ആഗ്രഹം. അമ്മയാവാൻ പോവുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. സിനിമയിൽ കൂടുതൽ സജീവമാവാനാണ് തീരുമാനം.
സംവിധാനം മൈഥിലി എന്നു വായിക്കാൻ കഴിയുമോ?
അഭിനയിക്കാനാണ് സിനിമയിലേക്ക് വന്നത്. അതിലൂടെ മുന്നോട്ടുപോവാനാണ് താത്പര്യം. നല്ല സംവിധായകർ ഇഷ്ടംപോലെയുണ്ട്. അവരുടെ സിനിമകളിൽ അഭിനയിക്കാനാണ് ആഗ്രഹം. സിനിമയുടെ എല്ലാ മേഖലയും പഠിക്കണമെന്ന ആഗ്രഹം ഉണ്ടാവുക സ്വഭാവികം. അങ്ങനെയാണ് രഞ്ജിത്ത് സാറിന്റെ ലോഹം സിനിമയിൽ സംവിധാനം പഠിക്കുന്നതിന്റെ ഭാഗമാകുന്നത്. പഠനം എപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്.അതു തുടരുന്നു. തത്കാലം സംവിധാന രംഗത്തേക്കില്ല. എന്നാൽ ഭാവിയിൽ ഒരു സിനിമ ചെയ്യും.
പാലേരിമാണിക്യം മുതൽ സിഞ്ചാർ വരെ മികച്ച ചിത്രങ്ങളിലൂടെ യാത്ര?
സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തിൽനിന്നാണ് വന്നത്. എല്ലാം എന്നിലേക്ക് വന്നു ചേർന്നതാണ്. മമ്മൂക്ക നായകനായി അഭിനയിച്ച പാലേരി മാണിക്യത്തിൽ ഞാൻ എന്ന പുതുമുഖ നായികയ്ക്ക് മികച്ച തുടക്കം തന്നെ ലഭിച്ചു. സോൾട്ട് ആൻഡ് പെപ്പർ, ഈ അടുത്ത കാലത്ത്, ചട്ടമ്പിനാട്, ശിക്കാർ, മായാമോഹിനി തുടങ്ങിയ സിനിമകളെല്ലാം ഹിറ്റുകളായിരുന്നു. അഭിനയിച്ച സിനിമകളിൽ ചിലത് നിരൂപക ശ്രദ്ധനേടി .സിഞ്ചാറിന് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. ജയപരാജയങ്ങൾ എല്ലാവർക്കുമുണ്ട്: അവിടെ തോറ്റുകൊടുക്കാൻ പാടില്ല. ജയിക്കാൻ വേണ്ടി വാശിയോടെ പ്രയത്നിക്കണം.
മൈഥിലിയിലെ പാട്ടുകാരി ഒരു സിനിമയിൽ തന്നെ നിൽക്കുന്നു?
രഞ്ജിത് സാർ നിർബന്ധിച്ചതുകൊണ്ടാണ് ലോഹത്തിൽ പാടിയത്. ലൊക്കേഷനിൽ മൂളിക്കൊണ്ട് നടക്കുന്നത് കണ്ട് രഞ്ജിത്ത് സാർ പാടിച്ചു നോക്കിയതാണ്. അതാണ് കനക മൈലാഞ്ചി എന്ന ഗാനം. കുഴപ്പമില്ലാതെ പാടി എന്നൊക്കെ കേട്ടു.ഞാൻ ഇപ്പോഴും പാടി നടക്കാറുണ്ട്.
പുതിയ പ്രതീക്ഷകൾ ?
56 എ.പി.ഒ ആണ് പുതിയ ചിത്രം.അനൂപ് ഉമ്മനാണ് രചനയും സംവിധാനവും ഛായാഗ്രഹണവും. ഒക്ടോ. 22ന് ലണ്ടനിലെ ബി.എഫ്.ഐ ഐമാക്സ് തിയേറ്ററിലാണ് പ്രീമിയർ. യു.കെ.യിലെ സ്ട്രെയ്റ്റ് ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്. സൂപ്പർ 8 എം.എം. ഫിലിം ഫോർമാറ്റിലാണ് ചിത്രീകരിച്ചത്.മികച്ച സാങ്കേതിക വിദഗ്ദ്ധരാണ് അണിനിരക്കുന്നത്.