cricket

മൂന്നാം ഏകദിനത്തിലും ഏഴുവിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ഇന്ത്യയ്ക്ക് പരമ്പര

ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99ന് ആൾഒൗട്ട്, ഇന്ത്യ 19.1 ഓവറിൽ 105/3

കുൽദീപ് യാദവിന് നാലുവിക്കറ്റ്,മാൻ ഒഫ് ദ മാച്ച്,സിറാജ് മാൻ ഒഫ് ദ സിരീസ്

ന്യൂഡൽഹി : മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗിനെ പൂക്കുലപോലെ ചിതറിച്ചുനേടിയ മിന്നും വിജയവുമായി 2-1 എന്ന മാർജിനിൽ ഇന്ത്യ പരമ്പര സ്വന്തമാക്കി. ന്യൂഡൽഹിയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 27.1 ഓവറിൽ വെറും 99 റൺസിന് ചുരുട്ടിക്കൂട്ടിയശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 105 റൺസിലെത്തുകയായിരുന്നു ഇന്ത്യ.185 പന്തുകൾ ബാക്കിനിൽക്കേയായിരുന്നു ശിഖർ ധവാന്റെയും കൂട്ടരുടെയും വിജയം.

കിടിലൻ ബൗളിംഗ്

ടോസ് നേടിയ ഇന്ത്യൻ നായകൻ ശിഖർ ധവാന്റെ തീരുമാനം ശരിവെയ്ക്കും വിധം പന്തെറിഞ്ഞ ബൗളർമാരാണ് പരമ്പര വിജയം പുഷ്പം പോലെയാക്കിയത്. ബൗളിംഗ് ഓപ്പൺ ചെയ്യാനെത്തിയ സ്പിന്നർ വാഷിംഗ്ടൺ സുന്ദർ മുതൽ മുഹമ്മദ് സിറാജും കുൽദീപ് യാദവും പുതുമുഖം ഷഹ്ബാസ് അഹമ്മദും വരെ വിക്കറ്റുകളുമായി തിളങ്ങി. ആവേഷ് ഖാൻ വിക്കറ്റ് നേടിയില്ലെങ്കിലും അഞ്ചോവറിൽ ഒരു മെയ്ഡനടക്കം വഴങ്ങിയത് എട്ടു റൺസ് മാത്രം.

മൂന്നാം ഓവറിൽത്തന്നെ ഡികോക്കിനെ (7) ആവേഷ് ഖാന്റെ കയ്യിലെത്തിച്ച് വാഷിംഗ്ടണാണ് വേട്ട തുടങ്ങിയത്. ജാനേമൻ മലാനെയും(15) റീസ ഹെൻറിക്സിനെയും (3)പത്തോവറിനകം കൂടാരം കയറ്റി സിറാജ് ഇന്ത്യയ്ക്ക് മേൽക്കൈ നൽകി. ഷഹ്ബാസിന്റെ പന്തിൽ തകർപ്പൻ ക്യാച്ചിലൂടെ സഞ്ജു മാർക്രമിനെ (9)മടക്കി അയച്ചപ്പോൾ വാഷിംഗ്ടൺ നായകൻ മില്ലറുടെ (7) കുറ്റിപിഴുത് 66/5 എന്ന നിലയിലാക്കി.

തുടർന്ന് കുൽദീപ് ചാട്ടവാർ ഏറ്റെടുത്തു. പെഹ്‌ലുക്ക്‌വായോ(5),ഫോർച്യുയിൻ(1),നോർക്യേ (o), ജാൻസൻ(14) എന്നിവരാണ് കുൽദീപിന് ഇരയായത്. ഇതിനിടയിൽ ടോപ് സ്കോററായ ഹെൻറിച്ച് ക്ളാസനെ ഷഹ്ബാസ് ക്ളീൻ ബൗൾഡാക്കിയിരുന്നു.

ഈസി ചേസിംഗ്

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗിൽ ശുഭ്മാൻ ഗിൽ (49) തകർത്തടിച്ചു.ഏഴാം ഓവറിന്റെ ആദ്യപന്തിൽ നായകൻ ധവാൻ(8) റൺഒൗട്ടാകുമ്പോൾ ഇന്ത്യ 42 റൺസിലെത്തിയിരുന്നു. തുടർന്ന് ഇഷാൻ കിഷനും (10) ഗില്ലും പുറത്തായെങ്കിലും കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ ശ്രേയസ് അയ്യരും (28*) സഞ്ജു സാംസണും(2*) ചേർന്ന് വിജയത്തിലെത്തിച്ചു. സിക്സടിച്ചാണ് അയ്യർ വിജയ റൺ നേടിയത്.

വിക്കറ്റ് വീഴ്ച ഇങ്ങനെ

1-7 (2.5 ഓവർ)

ഡികോക്ക് സി ആവേഷ് ബി വാഷിംഗ്ടൺ 6

2-25 (7.5)

മലാൻ സി ആവേഷ് ബി സിറാജ് 15

3-26 (10 )

റീസ സി രവി (സബ്) ബി സിറാജ് 3

4-43 (15.3 )

മാർക്രം സി സഞ്ജു ബി ഷഹ്‌ബാസ് 9

5-66 (18.5)

ബി വാഷിംഗ്ടൺ സുന്ദർ 7

6-71 (19.4 )

പെഹ്‌ലുക്ക്‌വായോ ബി കുൽദീപ് 5

7-93 (24.3 )

ക്ളാസൻ ബി ഷഹ്ബാസ് 33

8-94 (25.3 )

ഫോർച്യുയിൻ എൽ.ബി ബി കുൽദീപ് 1

9-94 (25.4 )

നോർക്യേ ബി കുൽദീപ് 0

10-99 (27.1 )

ജാൻസൻ സി ആവേഷ് ബി കുൽദീപ് 14

ബൗളിംഗ് പ്രകടനം ഇങ്ങനെ

വാഷിംഗ്ടൺ സുന്ദർ 4-0-15-2

മുഹമ്മദ് സിറാജ് 5-0-17-2

ആവേഷ് ഖാൻ 5-1-8-0

ഷഹ്‌ബാസ് അഹമ്മദ് 7-0-32-2

ശാർദൂൽ താക്കൂർ 2-0-8-0

കുൽദീപ് യാദവ് 4.1-1-18-4

2-1

എന്ന മാർജിനിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ലക്നൗവിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ 16 റൺസിന് തോറ്റപ്പോൾ റാഞ്ചിയിൽ ഏഴുവിക്കറ്റിന് വിജയം നേടി ഇന്ത്യ ഒപ്പമെത്തി.

5

ഇന്ത്യയു‌‌ടെ തുടർച്ചയായ അഞ്ചാം പരമ്പര വിജയമാണിത്.

99

ഇന്ത്യയ്ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ഏകദിന ടോട്ടലാണ് ഇന്നലെ ഡൽഹിയിൽ പിറന്നത്. ഏകദിനചരിത്രത്തിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ നാലാമത്തെ ഏകദിന ടോട്ടലും ഇതുതന്നെ.