rahul-koli

ജാംനഗർ: 2023ലെ ഓസ്‌കാർ പുരസ്‌കാരത്തിനുള്ള ഇന്ത്യൻ ഔദ്യോഗിക എൻട്രിയായ 'ചെല്ലോ ഷോ"യിലെ ബാലതാരമായ രാഹുൽ കോലി (10) അന്തരിച്ചു. രക്താർബുദം ബാദിച്ച് അഹമ്മദാബാദിലെ ഗുജറാത്ത് കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സി.ജി.ആർ.ഐ) ചികിത്സയിലായിരുന്ന രാഹുൽ ഈമാസം രണ്ടിനാണ് മരിച്ചത്. ജാംനഗറിനടുത്തുള്ള അവരുടെ ജന്മഗ്രാമമായ ഹാപ്പയിൽ പ്രാർത്ഥനായോഗം നടത്തിയിരുന്നു. 'ചെല്ലോ ഷോ"യിലെ ആറ് ബാലതാരങ്ങളിൽ ഒരാളായിരുന്നു.

ഗുജറാത്തി ചിത്രമായ 'ചെല്ലോ ഷോ" വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ചിത്രം ഇറങ്ങുന്നതോടെ തങ്ങളുടെ ജീവിതം മാറുമെന്ന് രാഹുൽ പലപ്പോഴും പറഞ്ഞിരുന്നതായി പിതാവ് രാമു പറഞ്ഞു. മകന്റെ ആഗ്രഹം പോലെ ചിത്രം പുറത്തിറങ്ങുന്ന ദിവസം തന്നെ കുടുംബം ഒന്നിച്ച് കാണാൻ പോകുമെന്നും അദ്ദേഹം പറഞ്ഞു. പാൻ നളിൻ സംവിധാനം ചെയ്ത ചിത്രത്തിൽ, സമയയുടെ സുഹൃത്തായ മനു എന്ന കഥാപാത്രത്തെയാണ് രാഹുൽ അവതരിപ്പിച്ചത്.