മുംബയ്: ആഗോളതലത്തിലെ പ്രതിസന്ധികളെത്തുടർന്ന് ഇന്ത്യൻ ഓഹരികൾ വൻ ഇടിവ് നേരിട്ടപ്പോൾ രൂപയും മൂല്യത്തകർച്ചയിലാണ്.
തുടർച്ചയായ മൂന്നാം ദിനമാണ് ഇന്ത്യൻ ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തിയത്. ആഗോള ഘടകങ്ങൾ പ്രതികൂലമായതിനെ തുടർന്ന് വൻ നഷ്ടത്തോടെയാണ് പ്രധാന സൂചികകൾ ഈയാഴ്ചയിലെ വ്യാപാരം ആരംഭിച്ചത്. ഇതിന്റെ തുടർച്ചയെന്നോണം
ഇന്നലെയും ഇന്ത്യൻ ഓഹരി വിപണികൾ കനത്ത നഷ്ടം നേരിട്ടു. നിഫ്റ്റി 50 സൂചിക 257.45 പോയിന്റുകൾ താഴ്ന്ന് 16983.55 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 843.79 പോയിന്റ് ഇടിഞ്ഞ് 57147.32 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നഷ്ടത്തിലായിരുന്നു നിഫ്റ്റിയിലെ സെക്ടറുകളുടെ വ്യാപാരം.
സെൻസെക്‌സിൽ ആക്‌സിസ് ബാങ്കും ഏഷ്യൻ പെയിന്റ്‌സും ഒരു ശതമാനം വീതം നേട്ടമുണ്ടാക്കിയപ്പോൾ ഇന്ഡസ്ഇൻഡ് ബാങ്ക്, ദിവിസ് ലാബ്‌സ്, നെസ്‌ലെ ഇന്ത്യ, ജെ.എസ്. ഡബ്ല്യു സ്റ്റീൽ, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ കൂടുതൽ നഷ്ടം നേരിട്ടു.
ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, എഫ്എംസിജി, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ്, പവർ എന്നിവ ഓരോ ശതമാനം വീതം ഇടിഞ്ഞു.
ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര, എച്ച്.സി.എൽ ടെക്‌നോളജീസ്, വിപ്രോ എന്നിവ നഷ്ടം നേരിട്ടു.
................................................................................
സ്വർണ വിലയിലും ഇടിവ്
പവന് കുറഞ്ഞത് 560രൂപ
കൊച്ചി: തുടർച്ചയായ രണ്ടാം ദിനം സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്നലെ 560 രൂപയാണ് കുത്തനെ ഇടിഞ്ഞത്. തിങ്കളാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസത്തിനിടെ 760 രൂപ കുറഞ്ഞു. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 37520 രൂപയും ഗ്രാമിന് 4690 രൂപയുമായി സ്വർണവില.
ഡോളർ കരുത്താർജ്ജിക്കുന്നതാണ് സ്വർണത്തിനും തിരിച്ചടിയായിരിക്കുന്നത്.
.....................................................
കരകയറാതെ രൂപ
തിങ്കളാഴ്ച്ച റെക്കാഡ് താഴ്ച്ചയിലായിരുന്ന രൂപയുടെ മൂല്യം ഇന്നലെ വീണ്ടുമിടിഞ്ഞു. ഒരു ഡോളറിന് 82.38 എന്ന നിലയിലാണ് രൂപ ഡോളറിനെതിരെ വ്യാപാരം ക്ളോസ് ചെയ്തത്.
ഈ വർഷം രൂപയുടെ മൂല്യത്തിൽ 11 ശതമാനം ഇടിവാണ് ഇതുവരെയുണ്ടായിരിക്കുന്നത്.
രൂപയുടെ മൂല്യം ഇടിയുമ്പോൾ രാജ്യം നേരിടുന്ന തിരിച്ചടിയെ പ്രതിരോധിക്കാൻ മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടില്ലെന്ന വസ്തുതയുമുണ്ട്. ആർ.ബി. ഐയുടെ കൈവശമുള്ള കരുതൽ വിദേശ നാണ്യശേഖരം കുറവാണ്. പ്രതിസന്ധി മറികടക്കാൻ ആർ. ബി. ഐ കൈവശമുള്ള ഡോളർ വില്പന നടത്തിവന്നതോടെ ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരത്തിൽ വലിയ കുറവുണ്ടാകുകയായിരുന്നു. രണ്ടു വർഷക്കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ആർ.ബി. ഐയുടെ വിദേശ നാണയ കരുതൽ ശേഖരം.
അതേസമയം അമേരിക്കൻ കേന്ദ്രബാങ്കിന്റെ നടപടികൾ ഡോളറിന് തുണയായി. ബാങ്ക് പലിശ ഉയർത്തുമെന്ന റിപ്പോർട്ടുകൾ കൂടി വന്നതോടെ ഡോളർ കുതിച്ചുകയറി. രൂപയുടെ മൂല്യം തകർന്നടിയുകയും ചെയ്തു.