
കാൻബെറ: പാശ്ചാത്യ രാജ്യങ്ങൾ പാകിസ്ഥാനിലെ സൈനിക സ്വേച്ഛാധിപത്യ ഭരണകൂടത്തെയാണ് ഇഷ്ട പങ്കാളിയായി തിരഞ്ഞെടുത്തിരുന്നതെന്നും ഇന്ത്യയ്ക്ക് പതിറ്റാണ്ടുകളോളം ആയുധങ്ങൾ നൽകിയില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
അതുകൊണ്ടാണ് സോവിയറ്റ് - റഷ്യൻ ആയുധങ്ങളുടെ ഗണ്യമായ ശേഖരം ഇന്ത്യയ്‌ക്കുണ്ടാകാൻ കാരണം. റഷ്യയിൽ നിന്ന് പ്രതിരോധ ആയുധങ്ങളും എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ നടപടിയെ വിമർശിച്ച പാശ്ചാത്യ രാജ്യങ്ങൾക്കാണ് എസ്. ജയശങ്കർ ചുട്ടമറുപടി നൽകിയത്. കഴിഞ്ഞ ദിവസം കാൻബെറയിൽ ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു ജയശങ്കറിന്റെ മറുപടി.
പാകിസ്ഥാന് പാശ്ചാത്യ രാജ്യങ്ങൾ നൽകിയ സൈനിക സഹായങ്ങളും റഷ്യ ഇന്ത്യയ്ക്കൊപ്പം നിന്നതും വ്യക്തമായി ചൂണ്ടിക്കാട്ടുന്നതായിരുന്നു ജയശങ്കറിന്റെ പരാമർശം. ഇന്ത്യയും റഷ്യയും തമ്മിൽ ദീർഘകാലമായുള്ള ബന്ധമുണ്ട്. ഇന്ത്യൻ താത്പര്യങ്ങളെ അത് സംരക്ഷിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ - റഷ്യ ബന്ധം ക്വാഡിനെ ബാധിക്കില്ലെന്നും ജയശങ്കറും പെന്നി വോംഗും വ്യക്തമാക്കി.