
കൊച്ചി: കേരളത്തെ നടുക്കിയ നരബലി കേസിലെ സൂത്രധാരനായ മുമ്മദ് ഷാഫിയുടെ ക്രിമിനൽ പശ്ചാത്തലം പുറത്ത്. സിദ്ധൻ ചമഞ്ഞ് രണ്ട് സ്ത്രീകളെ ബലി നൽകിയ ഇയാൾ എറണാകുളം കോലഞ്ചേരിയിൽ 75-കാരിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയാണ്. 2020 ഓഗസ്റ്റ് മാസത്തിലായിരുന്നു ഇയാൾ വയോധികയെ പീഡിപ്പിച്ചത്. ക്രൂരമായ പീഡനത്തിനെ തുടർന്ന് വൃദ്ധയ്ക്ക് മാരകമായ പരിക്കേറ്റിരുന്നു. ഈ കേസിൽ പിടിയിലായ പ്രതി ഒന്നര വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു.
പീഡനക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങി അധികകാലം കഴിയുന്നതിന് മുൻപ് തന്നെയാണ് മുഹമ്മദ് ഷാഫി മന്ത്രവാദി ചമഞ്ഞ് പത്തനംതിട്ട ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലി നൽകിയ സംഭവമുമുണ്ടായത്.
കുടുംബത്തിന് ഏറ്റ ശാപം മാറാനും സാമ്പത്തിക അഭിവൃദ്ധിയുമുണ്ടാകാനാണ് ഭഗവൽ സിംഗ്, ഭാര്യ ലൈല, ഷാഫി എന്നിവർ ചേർന്ന് നരബലി നടത്തിയത്. ബലിയർപ്പിക്കാനുള്ള സ്ത്രീകളെ കൊണ്ടുവന്നത് ഷാഫി തന്നെയായിരുന്നു.
ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ് എന്ന റഷീദ് വൈദ്യനുമായി പരിചയത്തിലായി. തുടർന്ന് പെരുമ്പാവൂരിൽ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാൽ സമ്പത്ത് വരുമെന്നും വിശ്വസിപ്പിച്ചു. നമ്പരും കൊടുത്തു. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് വൈദ്യന്റെ മുന്നിൽവച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇങ്ങനെ ചെയ്താൽ സിദ്ധികൂടുമെന്നായിരുന്നു റഷീദ് വൈദ്യനോട് പറഞ്ഞിരുന്നത്. ബലി നൽകിയാൽ കൂടുതൽ ഐശ്വര്യം വരുമെന്നും അതിനായി സ്ത്രീകളെ താൻ തന്നെ കൊണ്ടുവരാമെന്നും റഷീദ് പറഞ്ഞു. അശ്ലീല പടത്തിൽ അഭിനയിക്കാനുണ്ടെന്നും അങ്ങനെ ചെയ്താൽ പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് റോസ്‌ലിയെ കൊണ്ടുപോയത്.