
ഉജ്ജയിൻ: 'ശ്രീ മഹാകാൽ ലോക്" ഇടനാഴിയുടെ ആദ്യഘട്ടം രാജ്യത്തിന് സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മദ്ധ്യപ്രദേശിലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ പൂജ നടത്തി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നേരത്തെ അഹമ്മദാബാദിൽ നിന്ന് ഇൻഡോർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മദ്ധ്യപ്രദേശ് മന്ത്രിമാരായ നരോത്തം മിശ്ര, തുളസി സിലാവത്ത്, ലോക്സഭാ മുൻ സ്പീക്കർ സുമിത്ര മഹാജൻ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഹെലികോപ്ടറിൽ ഉജ്ജയിനിലെത്തിയ മോദിയെ ഗവർണർ മംഗു ഭായ് പട്ടേലും ശിവരാജ് സിംഗ് ചൗഹാനും ചേർന്നാണ് സ്വീകരിച്ചത്.