indian-flag

ന്യൂഡൽഹി: 161 രാജ്യങ്ങളുള്ള അസമത്വ സൂചികയിൽ ഇന്ത്യ ആറു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 123-ാം സ്ഥാനത്തെത്തി. 2021ൽ 129 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. പട്ടികയിൽ നോർവേയും ജർമ്മനിയും ഓസ്‌ട്രേലിയയുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

അസമത്വത്തിനെതിരായ പോരാട്ടത്തിൽ 161 രാജ്യങ്ങളിലെ സർക്കാരുകളുടെ നയങ്ങളും നടപടികളുമാണ് പട്ടികയിൽ പരിശോധിക്കുന്നത്. അതേസമയം പുരോഗമനപരമായ ചെലവുകളിലൂടെ അസമത്വം കുറയ്‌ക്കലിൽ 12 സ്ഥാനങ്ങൾ ഉയർന്ന് 129-ാം സ്ഥാനത്താണ് ഇന്ത്യ. പുരോഗമനപരമായ നികുതിയുടെ കാര്യത്തിൽ 16ാം സ്ഥാനത്തുമാണ്. ഓക്സ്ഫാം ഇന്റർനാഷണലും ഡെവലപ്‌മെന്റ് ഫിനാൻസ് ഇന്റർനാഷണലുമാണ് (ഡി.എഫ്‌.ഐ) സൂചിക തയ്യാറാക്കിയത്. എന്നാൽ മിനിമം വേതനം ഉറപ്പാക്കുന്നത് സംബന്ധിച്ച റാങ്കിംഗിൽ ഇന്ത്യ 73 സ്ഥാനങ്ങൾ താഴ്ന്നു.

ആരോഗ്യച്ചെലവിൽ മോശം പ്രകടനമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും റിപ്പോർട്ട് പറയുന്നു-157ാം സ്ഥാനം. ഇന്ത്യയുടെ ആരോഗ്യ ചെലവ് മൊത്തം ചെലവിന്റെ 3.64 ശതമാനം മാത്രമാണ്. അയൽരാജ്യങ്ങളെ അപേക്ഷിച്ച് ഇത് താഴ്ന്ന നിരക്കാണെന്നും റിപ്പോർട്ട് പറയുന്നു. ചൈനയും റഷ്യയും ആരോഗ്യത്തിനായി 10 ശതമാനം ചെലവഴിക്കുമ്പോൾ, ബ്രസീൽ 7.7 ശതമാനം ചെലവഴിക്കുന്നു. ദക്ഷിണാഫ്രിക്കയാണ് ആരോഗ്യ മേഖലയ്‌ക്ക് കൂടുതൽ പണം ചെലവഴിക്കുന്നത് - 12.9 ശതമാനം. പാകിസ്ഥാൻ- 4.3, ബംഗ്ലാദേശ്-5.19, ശ്രീലങ്ക- 5.88, നേപ്പാൾ- 7.8 എന്നീ അയൽ രാജ്യങ്ങളും ഇന്ത്യയെക്കാൾ ഉയർന്ന റാങ്കിലാണുള്ളത്. 161 രാജ്യങ്ങളിൽ 143 രാജ്യങ്ങളും ധനികരായ പൗരന്മാരുടെ നികുതി നിരക്കുകൾ മരവിപ്പിച്ചെന്നും റിപ്പോർട്ട് പറയുന്നു.

ആരോഗ്യത്തിൽ 157-ാം റാങ്ക്

 അസമത്വ സൂചികയിലുള്ള രാജ്യങ്ങൾ- 161

 ഇന്ത്യയുടെ നിലവിലെ സ്ഥാനം- 123

 2021ലെ സ്ഥാനം- 129

 ആരോഗ്യ മേഖലയിലെ സ്ഥാനം- 157

 ആരോഗ്യ മേഖലയിൽ ഇന്ത്യ ചെലവഴിക്കുന്നത്- 3.64 %

 ആരോഗ്യ മേഖലയിൽ ദക്ഷിണാഫ്രിക്ക- 129 %

 ചൈന, റഷ്യ- 10 %

 നേപ്പാൾ- 7.8 %

 ബ്രസീൽ- 7.7 %

 ശ്രീലങ്ക- 5.88 %

 ബംഗ്ലാദേശ്-5.19 %

 പാകിസ്ഥാൻ- 4.3 %