
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ‌്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ബൗളർമാരുടെ മാസ്മരിക പ്രകടനത്തിലൂടെ അനായാസ വിജയം കരസ്ഥമാക്കി ഇന്ത്യ. ഇതോടെ ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും മികച്ച തിരുച്ചു വരവിലൂടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഇതിന് മുൻപ് നടന്ന ടി20 പരമ്പര രോഹിത് ശർമയുടെ നേത്വത്തിൽ ഇന്ത്യ നേടിയിരുന്നു ഇതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയെ ഏകദിന പരമ്പരയിലും ഇന്ത്യ തകർത്തത്.
ഇന്ത്യൻ ബോളിംഗ് നിരയ്ക്കു മുന്നിൽ വിക്കറ്റ് കാക്കാൻ കിണഞ്ഞ് പരിശ്രമിച്ചിട്ടും സ്കോർ ബോർഡ് മൂന്നക്കം തികയ്ക്കാൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ല. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്കൻ ടീം 99 റൺസിന് ആൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ 20 ഓവർ തികയുന്നതിന് മുൻപ് തന്നെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി.
കുൽദീപ് യാദവ് അടങ്ങുന്ന ഇന്ത്യൻസ്പിൻ ബോളർമാറാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. 34 റണ്‍സെടുത്ത ഹെയ്ന്റിച്ച് ക്ലാസനടക്കം മൂന്നു പേർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്. കുൽദീപ് യാദവ് നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി കളം വാഴ്ന്നതോടെ ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിലൊതുങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീമിന് ആദ്യവിക്കറ്റ് കൂട്ടുകെട്ടിൽ നിന്നും ഇന്ത്യൻ നായകൻ ശിഖർ ധവാനെ ഏഴാം ഓവറിൽ തന്നെ നഷ്ടമായി 14 പന്തുകളിൽ നിന്നും എട്ട് റൺസ് മാത്രമായിരുന്നു താരം നേടിയത്. തുടർന്നെത്തിയ ഇഷാൻ കിഷനും 18 പന്തിൽ നിന്നും പത്ത് റൺസ് മാത്രം നേടി പവലിയനിലേയ്ക്ക് മടങ്ങി. ഇഷാൻ കിഷാന് പകരമായെത്തിയ ശ്രേയസ് അയ്യരും ക്രീസിൽ തുടർന്ന ശുഭ്മാൻ ഗില്ലും ഇന്ത്യൻ റൺനേട്ടത്തിന്റെ വേഗത കൂട്ടി. അർധ ശതകത്തിന് തൊട്ടരുകിൽ ശുഭമാൻ ഗില്ലിന്റെ (49) വിക്കറ്റ് നഷ്ടമായെങ്കിലും തുടർന്നെത്തിയ സഞ്ജു സാംസൺ-ശ്രേയസ് അയ്യർ കൂട്ട്കെട്ട് ഇന്ത്യയെ അതിവേഗം വിജയത്തിലേയ്ക്ക് നയിച്ചു.
ശ്രേയസ് അയ്യർ 23 പന്തിൽ 28 റൺസും സഞ്ജു നാല് പന്തിൽ രണ്ട് റൺസുമായും പുറത്താകാതെ നിന്നു. 57 പന്തിൽ 49 റൺസെടുത്ത ശുഭമാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇമാദ് ഫോര്‍ട്യൂയിനും ലുങ്കി എന്‍ഗിഡിയും ഓരോ വിക്കറ്റ് വീതം നേടി.