un

ന്യൂയോർക്ക്: യുക്രെയിനിലെ നാല് പ്രവിശ്യകളെ തങ്ങളിലേക്ക് കൂട്ടിച്ചേർത്ത നടപടിക്കെതിരായ കരട് പ്രമേയത്തിൽ റഷ്യയ്‌ക്കെതിരെ വോട്ടിട്ട് ഇന്ത്യ. യുക്രെയിനിലെ ഡൊണെസ്ക്, ലുഹാൻസ്ക്, സെപൊറീഷ്യ, ഖേഴ്സൺ പ്രവിശ്യകളെ റഷ്യൻ ഫെ‌ഡറേഷനോട് കൂട്ടിച്ചേർത്തതിനെ അപലപിക്കാൻ അൽബേനിയയാണ് കരട് പ്രമേയം മുന്നോട്ട്‌ വച്ചത്. എന്നാൽ പ്രമേയത്തിൽ രഹസ്യബാല​റ്റ് വേണമെന്ന് റഷ്യ ആവശ്യപ്പെട്ടു. തുറന്ന വോട്ടിംഗ് വേണമെന്ന് അൽബേനിയയും ആവശ്യപ്പെട്ടു. തുടർന്നാണ് അൽബേനിയയ്ക്ക് അനുകൂലമായി ഇന്ത്യ വോട്ടിട്ടത്.

ഇന്ത്യയുൾപ്പെടെ 107 രാജ്യങ്ങൾ തുറന്ന വോട്ടിനെ അനുകൂലിച്ചു. 13 രാജ്യങ്ങൾ മാത്രമാണ് റഷ്യയെ അനുകൂലിച്ചത്. റഷ്യയും ചൈനയുമടക്കം 39 രാജ്യങ്ങൾ വോട്ടിംഗിൽ നിന്ന് വിട്ടുനിന്നു. രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം തള്ളിയ നടപടിക്കെതിരെ റഷ്യ അപ്പീൽ നൽകിയിരുന്നു. അപ്പീലിൻമേൽ നടന്ന വോട്ടെടുപ്പിലും ഇന്ത്യ ഉൾപ്പെടെയുള്ള 104 രാജ്യങ്ങൾ തുറന്ന വോട്ടിനെയാണ് അനുകൂലിച്ചത്.

ആഗസ്റ്റിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ വെർച്വലായി യു.എന്നിൽ അഭിസംബോധന നടത്താൻ അനുവദിക്കണമെന്ന വോട്ടിംഗിലും ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. അതേസമയം റഷ്യ എതിർത്തുള്ള ഇന്ത്യയുടെ ഈ രണ്ട് വോട്ടിംഗും യു.എന്നിലെ നടപടിക്രമങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്.