
കീവ്: യുക്രെയിനിൽ തിങ്കളാഴ്ച ആരംഭിച്ച റഷ്യൻ വ്യോമാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 19 പേർ. എന്നാൽ ഇന്നലെ താരതമ്യേന തീവ്രത കുറഞ്ഞ ആക്രമണമായിരുന്നു നടന്നത്. പരിക്കേറ്റവരുടെ എണ്ണം 105 കവിഞ്ഞു. 300ലേറെ നഗരങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലാണ്. സെപൊറീഷ്യ, മൈക്കലൈവ്, പടിഞ്ഞാറൻ നഗരമായ ലിവീവ് തുടങ്ങിയ മേഖലകളിലാണ് ഇന്നലെ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്.
തലസ്ഥാനമായ കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ് നിലനിന്നിരുന്നതിനാൽ ജനങ്ങൾ സുരക്ഷാകേന്ദ്രങ്ങളിൽ തുടരുകയാണ്. കീവിലെ ഭൂഗർഭ മെട്രോ സർവീസുകൾ മുടക്കമില്ലാതെ തുടരുന്നുണ്ട്. അതേസമയം, യുക്രെയിനിലെ സംഘർഷം രൂക്ഷമാക്കുന്നത് പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലാണെന്ന് റഷ്യൻ ഉപ വിദേശകാര്യ മന്ത്രി സെർജി റിയബ്കൊവ് ആരോപിച്ചു.
റഷ്യൻ ആക്രമണങ്ങൾ കടുത്ത പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയതായി നാറ്റോ അറിയിച്ചു. നാറ്റോയുടെ വെർച്വൽ ഉച്ചകോടി ഉടൻ ചേർന്നേക്കുമെന്ന് സൂചനയുണ്ട്. യു.എസ് പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള ജി 7 നേതാക്കൾ ഇന്നലെ വെർച്വൽ കൂടിക്കാഴ്ച ചേർന്നിരുന്നു.
അതേസമയം, വരുന്ന ജി 20 ഉച്ചകോടിയിൽ പുട്ടിനും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സാദ്ധ്യത തള്ളില്ലെന്നും ക്ഷണം ലഭിച്ചാൽ നിർദ്ദേശം പരിഗണിച്ചേക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് പറഞ്ഞു.