
ഭുവനേശ്വർ : ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പിൽ കളിക്കാനിറങ്ങിയ ഇന്ത്യൻ അണ്ടർ 17 വനിതാ ടീമിന് അത്ഭുതങ്ങൾ ഒന്നും സൃഷ്ടിക്കാനായില്ല. വൻശക്തികളായ അമേരിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത എട്ടുഗോളുകൾ വാങ്ങിക്കൂട്ടി ഇന്ത്യൻ പെൺകൊടികൾ തോറ്റു.ആദ്യപകുതിയിൽത്തന്നെ ഇന്ത്യ അഞ്ചുഗോളുകൾ വഴങ്ങിയിരുന്നു. ഇരട്ട ഗോളടിച്ച റെമിംബാസ്,കോളർ, ഗമേറോ, തോംപ്സൺ,യെല്ലാ എംറി,ടെയ്ലർ മേരി,ഇന്ത്യൻ വംശജയായ മിയ എലിസബത്ത് ഭുട്ട എന്നിവരാണ് അമേരിക്കയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.
ആതിഥേയർ എന്ന നിലയിൽ ലോകകപ്പ് കളിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ ടീമിനെ ഒൻപതാം മിനിട്ടിൽതന്നെ ഗോളുകൊണ്ട് അമേരിക്ക ബുദ്ധിമുട്ടിച്ചു. റെമിംബാസായിരുന്നു സ്കോറർ.31-ാം മിനിട്ടിലും റെമിംബാസ് ഗോളടിച്ചു. 15-ാം മിനിട്ടിൽ കോളർ,23-ാം മിനിട്ടിൽ ഗമേറോ,39-ാം മിനിട്ടിൽ തോംപ്സൺ എന്നിവരാണ് ആദ്യ പകുതിയിലെ മറ്റ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകൾ കൂടിപിറന്നത്.
ടൂണർമെന്റിലെ ആദ്യ മത്സരത്തിൽ ബ്രസീൽ മൊറോക്കോയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ അഞ്ചാം മിനിട്ടിൽ ഇൻഗ്രിഡ് ജോൺസണാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്.