
ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ ബി ജെ പി അനുഭാവിയായ തോട്ടമുടമ 16 തൊഴിലാളികളെ ബന്ദികളാക്കി ശാരീരികമായി പീഡിപ്പിച്ചു. ദളിത് വിഭാഗത്തിൽപ്പെടുന്ന 16 തോട്ടം തൊഴിലാളികളെയാണ് തോട്ടമുടമയും കടുത്ത ബി ജെ പി അനുഭാവിയുമായ ജഗദീഷ് ഗൗഡയുടെ പീഡനമേൽക്കേണ്ടിവന്നത്.
മർദ്ദനമേറ്റ് കൂട്ടത്തിലെ ഗർഭിണിയായ യുവതിയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതായാണ് വിവരം.ഗർഭം അലസിയതിനെ തുടർന്ന് യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. എസ് ഇ-എസ്ടി അതിക്രമങ്ങൾക്കെതിരായ നിയമപ്രകാരം ജഗദീഷ് ഗൗഡയ്ക്കും മകൻ തിലക ഗൗഡയ്ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സംഭവം പുറത്തായതിന് പിന്നാലെ ജഗദീഷ് ഗൗഡയും മകനും ഒളിവിലാണ്. അതേ സമയം ഇയാൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ബിജെപി അറിയിച്ചത്.
കാപ്പിത്തോട്ടത്തിൽ ദിവസ വേതനത്തിന് പണിയെടുത്തിരുന്ന തൊഴിലാളികളാണ് ആക്രമണത്തിനിരയായത്. ഇവർ ജഗദീഷ് ഗൗഡയിൽ നിന്നും ഒമ്പത് ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നൽകുന്നതിലുണ്ടായ തർക്കത്തെ തുടർന്നാണ് കാപ്പിത്തോട്ടത്തിന്റെ ഉടമ കൂടിയായ പ്രതി തൊഴിലാളികളെ തടങ്കലിൽ വച്ച് ശാരീരികമായി പീഡിപ്പിച്ചത്. പൊലീസ് നൽകുന്ന വിവരപ്രകാരം ചിലർ ഒകടോബർ എട്ടിന് ബാലേഹൊന്നൂർ പൊലീസ് സ്റ്റേഷനിലെത്തി തങ്ങളുടെ ബന്ധുക്കളെ ജഗദീഷ് ഗൗഡ ബന്ദികളാക്കി വെച്ചിരിക്കുന്ന വിവരമറിയിച്ച് പരാതി നൽകിയിരുന്നു. എന്നാൽ അതേ ദിവസം തന്നെ പരാതി പിൻവലിക്കുകയും ചെയ്തു.
പിറ്റേ ദിവസം ജഗദീഷ് ഗൗഡയുടെ ആക്രമണത്തെത്തുടർന്ന് ഗർഭം അലസിപ്പോയി എന്ന ആരോപണത്തോടെ ദളിത് യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയ്ക്ക് വീണ്ടും പരാതി ലഭിച്ചതോടെയാണ് 16-ാളം തൊഴിലാളികളെ പ്രതി പൂട്ടിയിട്ടിയിരിക്കുന്നതായി പുറം ലോകമറിയുന്നത്. ഒടുവിൽ പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.
പണം കടം നൽകിയവരിൽ ചിലർ സ്ഥലം വിട്ടതിനെ തുടർന്ന് പ്രകോപിതനായ ജഗദീഷ് ഗൗഡ ഇവരെ 15 ദിവസം കാപ്പിത്തോട്ടത്തിൽ വീട്ടുതടങ്കിലാക്കുകയായിരുന്നു. ഗർഭിണിയായ യുവതിയെ അടക്കം ഈ ദിവസങ്ങളിൽ മർദ്ദിക്കുകയും അസഭ്യവർഷവും നടത്തുകയും ചെയ്‌ത പ്രതി ഇവരുടെ ഫോണുകൾ അടക്കം പിടിച്ചെടുത്തിരുന്നു.