
ലണ്ടൻ : ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ( 73 ) കിരീടധാരണ ചടങ്ങ് അടുത്ത വർഷം മേയ് 6ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുമെന്ന് ബക്കിംഗ്ഹാം പാലസ് അറിയിച്ചു. പരമ്പരാഗത രീതികളിലൂന്നിയാണെങ്കിലും മുമ്പത്തെ കിരീടധാരണങ്ങളെ അപേക്ഷിച്ച് ചടങ്ങുകൾ കൂടുതൽ ആധുനിക രീതിയിലായിരിക്കുമെന്ന് സൂചനയുണ്ട്.
കാന്റർബെറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ക്വീൻ കൺസോർട്ട് ( രാജപത്നി ) പദവിയിലുള്ള ഭാര്യ കാമില കിരീടധാരണ ചടങ്ങിൽ ചാൾസിനൊപ്പമുണ്ടാകും. ചടങ്ങിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ വർഷം അവസാനത്തോടെ രാജകീയ ഉപദേശകരുടെ പാനലായ പ്രിവി കൗൺസിലിന്റെ യോഗത്തിൽ കിരീടധാരണ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഉത്തരവിൽ ചാൾസ് ഒപ്പുവയ്ക്കും.
എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് മൂത്തമകനായ ചാൾസ് രാജസിംഹാസനത്തിന്റെ ഉടമയായത്. രാജ്ഞിയുടെ മരണത്തിന് പിന്നാലെ കിരീടാവകാശിയായ ചാൾസ് സ്വാഭാവികമായി രാജാവായി മാറിയിരുന്നു. സെപ്തംബർ 10ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ വച്ച് ചാൾസ് മൂന്നാമൻ ഔദ്യോഗികമായി അധികാരമേറ്റിരുന്നു.
രാജ്ഞിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലും ഒരുക്കങ്ങൾക്ക് കൂടുതൽ സമയം വേണമെന്നതിനാലുമാണ് കിരീടധാരണ ചടങ്ങ് അടുത്ത വർഷത്തേക്ക് നിശ്ചയിച്ചത്. 1952 ഫെബ്രുവരി 6ന് പിതാവ് ജോർജ് ആറാമൻ മരിച്ചതോടെ രാജ്ഞിയായ എലിസബത്തിന്റെ കിരീടധാരണം 1953 ജൂൺ 2നായിരുന്നു.