
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഹിന്ദി നിർബന്ധമാക്കുന്ന ശുപാർശയിൽ വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ ജോലികൾക്ക് ഹിന്ദി അടിച്ചേൽപ്പിക്കുന്ന നടപടികൾ ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതടക്കമുള്ള പാർലമെൻററി സമിതി നിർദേശത്തിൻ മേലുള്ള നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ അടങ്ങുന്ന എല്ലാ ഭാഷകളിലും ചോദ്യപേപ്പറുകൾ മത്സര പരീക്ഷകൾക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ ജോലി ലഭിക്കാൻ ഹിന്ദി നിർബന്ധമായും അറിഞ്ഞിരിക്കണം എന്നും മത്സര പരീക്ഷകളുടെ ചോദ്യ പേപ്പർ ഹിന്ദി മാദ്ധ്യമത്തിൽ മാത്രമാക്കണമെന്നും കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഹിന്ദിയിലേയ്ക്ക് മാറ്റണമെന്നതും അടക്കം വിവാദമായ 112 ശുപാർശകളാണ് അമിത് ഷാ അദ്ധ്യക്ഷനായ പാർലമെന്ററി സമിതി നിർദേശത്തിലുള്ളത്. രാജ്യത്തെ ഭാഷാ ബഹുസ്വരത നശിപ്പിക്കുന്ന ഈ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രിയായ എം കെ സ്റ്റാലിനടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
"ഭാഷാ, സാംസ്കാരിക, മതപരമായ വൈജാത്യങ്ങളിലും ഏകത്വവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് നമ്മുടേത്. വിവിധ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യയിൽ ഏതെങ്കിലും ഒരു ഭാഷയെ മാത്രമായി ഔദ്യോഗിക ഭാഷയാക്കി ഉയർത്തിക്കാട്ടുന്നത് ശരിയല്ല. രാജ്യത്ത് ഹിന്ദി അറിയാത്തവർക്ക് കേന്ദ്രസർക്കാർ തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുന്ന സ്‌ഥിതിയാണ് ഔദ്യോഗികഭാഷാ സമിതി ശുപാർശകൾ നടപ്പാക്കുന്നതോടെ ഉണ്ടാവുക. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുൾപ്പെട്ട എല്ലാ ഭാഷകളിലും ചോദ്യ പേപ്പർ നൽകേണ്ടതുണ്ട്.
നിർബന്ധബുദ്ധിയോടെ ഹിന്ദി ഏക അധ്യയന ഭാഷയാക്കി അടിച്ചേൽപ്പിക്കരുതെന്നും വിദ്യാഭ്യാസ രംഗത്തെ സംസ്‌ഥാനങ്ങളുടെ സവിശേഷാധികാരങ്ങൾ പരിഗണിക്കണമെന്നും പ്രധാന മന്ത്രിയോട് കത്തിലൂടെ അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ സഹകരണാത്മക ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ തിടുക്കത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാവരുതെന്നും ഹിന്ദിവൽക്കരണത്തിനായുള്ള ശ്രമങ്ങളിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ടു". - മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.