
മയാമി : കഴിഞ്ഞ മാസം അവസാനം യു.എസിലെ ഫ്ലോറിഡ തീരത്തേക്ക് വീശിയടിച്ച ഇയാൻ കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങളുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടു. ഇയാനെ തുടർന്ന് സംസ്ഥാനത്ത് 102 പേർ മരിച്ചെന്ന് ഫ്ലോറിഡ മെഡിക്കൽ എക്സാമിനേഴ്സ് കമ്മിഷൻ അറിയിച്ചു.
ഇതിൽ കൂടുതൽ പേരും ഫ്ലോറിഡ സംസ്ഥാനത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ളവരാണ്. യു.എസിൽ വീശിയടിച്ച ഏറ്റവും ശക്തമായ കാറ്റുകളിലൊന്നായിരുന്നു ഇയാൻ. സെപ്തംബർ 29നാണ് ഇയാൻ മണിക്കൂറിൽ 241 കിലോമീറ്റർ വേഗതയിൽ ഫ്ലോറിഡ തീരത്തെ കയോ കോസ്റ്റ ദ്വീപിന് സമീപം നിലംതൊട്ടത്.
ഇതിന് രണ്ട് ദിവസങ്ങൾക്ക് മുന്നേ ക്യൂബയിൽ വീശിയടിച്ച ശേഷമാണ് ഇയാൻ ഫ്ലോറിഡയിലേക്ക് പ്രവേശിച്ചത്. ഫ്ലോറിഡയെ കൂടാതെ സൗത്ത് കാരലൈന, നോർത്ത് കാരലൈന, വിർജീനിയ എന്നിവിടങ്ങളിലും നാശനഷ്ടങ്ങൾക്ക് കാരണമായിരുന്നു. ഫ്ലോറിഡയിൽ കഴിഞ്ഞാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സന്ദർശനം നടത്തി കെടുതികൾ വിലയിരുത്തിയിരുന്നു.
ആഞ്ഞുവീശി ജൂലിയ
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കനത്ത നാശം വിതച്ച് ജൂലിയ കൊടുങ്കാറ്റ്. ഞായറാഴ്ച നിക്കരാഗ്വ തീരത്ത് മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിൽ നിലംതൊട്ട ജൂലിയ ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നീ രാജ്യങ്ങളിലൂടെ മെക്സിക്കോ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇതുവരെ 28 പേരാണ് മേഖലയിൽ മരിച്ചത്. ആയിരക്കണക്കിന് പേർ ഒറ്റപ്പെട്ടു. ജൂലിയയുടെ ശക്തി ഇപ്പോൾ ക്ഷയിച്ചു തുടങ്ങി. ഗ്വാട്ടിമാലയിലെത്തിയപ്പോൾ മണിക്കൂറിൽ 45 കിലോമീറ്ററായിരുന്നു ജൂലിയയുടെ പരമാവധി വേഗത.
ഗ്വാട്ടിമാലയിൽ അഞ്ച് പേർ മണ്ണിടിച്ചിലിലും ഒമ്പത് പേർ രക്ഷാപ്രവർത്തനങ്ങൾക്കുമിടെയിൽ കൊല്ലപ്പെട്ടു. എൽ സാൽവഡോറിൽ മതിലിടിഞ്ഞ് വീണ് അഞ്ച് സൈനികർ മരിച്ചു. കനത്ത മഴയിൽ മദ്ധ്യ അമേരിക്കയിലും മെക്സിക്കോയുടെ തെക്ക് ഭാഗത്തും വ്യാപക വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനാമ, ഹോണ്ടുറാസ്, കോസ്റ്റ റീക്ക എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം ഏതാനും ഹൈവേകൾ അടച്ചിരുന്നു.