5g

രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചത് ഏതാനും ദിവസങ്ങൾ മുൻപാണ്. നിശ്ചിതമായ നഗരങ്ങളിൽ മാത്രമേ 5ജി സേവനം നിലവിൽ ലഭിക്കുന്നുള്ളു. എങ്കിലും ഇന്ത്യയിലെ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന 4ജി നെറ്റ്‌വർക്കുമായി താരതമ്യപ്പെടുത്തുമ്പോൾ അമ്പരപ്പിക്കുന്ന വേഗതയാണ് 5ജി കാഴ്ചവെയ്ക്കുന്നത്. സെക്കന്റിൽ പത്ത് എം ബിയിൽ താഴെയാണ് 4ജി ഉപയോഗിക്കുന്ന പല ഉപഭോക്താക്കൾക്കും ലഭിക്കുന്ന വേഗത അതും വളരെ ചുരുക്കം നഗരങ്ങളിൽ മാത്രം. അങ്ങനെ അല്ലാത്തിടങ്ങളിൽ ഇപ്പോഴും അഞ്ച് എം ബി വരെ എത്തി നിൽക്കുന്നതാണ് 4ജി വേഗം. എന്നാൽ നിലവിൽ ഇന്ത്യയിലെ 5ജി വേഗതയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന എയർടെലിന് സെക്കന്റിൽ 516 എം ബി വേഗതയുള്ളതായതാണ് പുറത്തുവരുന്ന വിവരം.

നിലവിൽ രാജ്യത്ത് എയർടെലിനേക്കാൾ 5ജി വേഗത ജിയോയ്ക്ക് ഉള്ളതായാണ് ബ്രോഡ്ബാൻഡ് വേഗത കണക്കാക്കുന്ന ഊക്ള റിപ്പോർട്ട് ചെയ്യുന്നത്. കണക്കുകൾ പ്രകാരം സെക്കന്റിൽ 600 എം ബിയാണ് ഒന്നാം സ്ഥാനത്തുള്ള ജിയോയുടെ 5ജി വേഗത. ഈ വേഗതയ്ക്ക് നഗരങ്ങൾ അനുസരിച്ച് ഏറ്റക്കുറച്ചിലുകളും അനുഭവപ്പെടുന്നുണ്ട്. ഡൽഹിയിൽ എയർടെലിന് 200 എംബിപിഎസ് ഡൗൺലോഡ് വേഗത മാത്രമാണ് ലഭിച്ചത്. ജിയോയ്ക്ക് 600 എംബിപിഎസ് വേഗത ലഭിച്ചു. വാരണാസിയിൽ എയർടെലിന് 516.57 എംബിപിഎസ് വേഗത ലഭിച്ചപ്പോൾ ഇവിടെ 485.22 ആണ് ജിയോ 5ജിക്ക് ലഭിച്ചത്. മുംബൈയിൽ എയർടെലിന് 217.07 എംബിപിഎസ് വേഗത ലഭിച്ചപ്പോൾ ജിയോയ്ക്ക് 515.38 എംബിപിഎസ് വേഗത ലഭിച്ചു.