stromboli

റോം : ഇറ്റലിയിൽ സ്ട്രോംബോളി അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഞായറാഴ്ച മുതലാണ് സ്ട്രോംബോളിയിൽ പൊട്ടിത്തെറി തുടങ്ങിയത്. അഗ്നിപർവതത്തിൽ നിന്ന് വൻ തോതിൽ പുകയും ലാവയും പുറത്തുവരുന്നുണ്ട്. ആർക്കും പരിക്കോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെയില്ല. സെപ്തംബർ മുതൽ സ്ട്രോംബോളിയിൽ ചെറിയ രീതിയിലെ പൊട്ടിത്തെറികൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ലോകത്തിലെ ഏറ്റവും പ്രസിദ്ധവും സജീവമായ അഗ്നിപർവതങ്ങളിൽ ഒന്നുമാണ് സ്ട്രോബോളി. സിസിലിയുടെ വടക്കൻ തീരത്തുള്ള ഈഓലിയൻ ദ്വീപുകളിലാണ് അഗ്നിപർവതം സ്ഥിതി ചെയ്യുന്ന സ്ട്രോംബോളി ദ്വീപ്. ടിറേനിയൻ കടലിലുള്ള ഈ ദ്വീപിലേക്ക് ബോട്ട് മാർഗമേ എത്താൻ കഴിയു.

' മെഡിറ്ററേനിയന്റെ ലൈറ്റ് ഹൗസ് " എന്നും ഇവിടം അറിയപ്പെടുന്നു. 1932ൽ പൊട്ടിത്തെറിച്ചതിന് ശേഷം ചെറിയ സ്ഫോടനങ്ങൾ ഇവിടെ സാധാരണമാണ്. ഏകദേശം 1,300 വർഷങ്ങളായി സ്ട്രോംബോളി അഗ്നിപർവതം സജീവമായി തുടരുകയാണെന്നാണ് വിലയിരുത്തൽ. 3,031 അടിയാണ് സ്ട്രോംബോളി അഗ്നിപർവതത്തിന്റെ ഉയരം.