
കൊച്ചി: നരബലി കേസിലെ വിവരങ്ങൾ പുറത്തുവരുന്നതിനിടെ ഷാഫി പ്രതിയായ കോലഞ്ചേരിയിലെ എഴുപത്തിയഞ്ചുകാരിയുടെ പീഡനത്തിലും നടന്നത് ആഭിചാരമെന്ന് സംശയം. പൂജയിലൂടെ മകന്റെ മദ്യപാനം മാറ്റാൻ സഹായിക്കാമെന്ന് പറഞ്ഞാണ് ഷാഫി വീട്ടിൽ വന്നതെന്ന് കൂട്ടുപ്രതിയായ ഓമന ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
2020 ആഗസ്റ്റ് ഒന്നിന് പാങ്കോട് ആശാരിമൂലയിലെ ഓമനയുടെ വീട്ടിൽവച്ചാണ് ഷാഫി എഴുപത്തിയഞ്ചുകാരിയെ പീഡനത്തിനിരയാക്കിയത്. വൃദ്ധയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം കത്തികൊണ്ട് മുറിവേൽപ്പിച്ചിരുന്നു. ഈ സമയം ഓമനയും മകനും വീട്ടിലുണ്ടായിരുന്നു.
താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ് ഓമനയുടെ വെളിപ്പെടുത്തൽ. ജോത്സ്യൻ ആണെന്ന് പറഞ്ഞ് സഹോദരിയാണ് ഷാഫിയുടെ നമ്പർ തന്നത്. മകന് മദ്യത്തിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞാണ് ഇയാൾ വീട്ടിൽ എത്തിയതെന്നും ഓമന പ്രതികരിച്ചു.
പൂനെയിൽ നിന്ന് സവാള ലോഡുമായി എത്തുമ്പോൾ ഒരു സ്ത്രീയെ ഏർപ്പാടാക്കി നൽകണമെന്ന് ഷാഫി ഓമനയോടാവശ്യപ്പെട്ടിരുന്നു. ആരെയും കിട്ടാതെ വന്നപ്പോൾ മുന്നിൽ എത്തിയ ഓർമ്മക്കുറവുള്ള വൃദ്ധയെ,  പുകയില നൽകാമെന്ന് പറഞ്ഞ് ഓമന ഷാഫിയുടെ മുന്നിലെത്തിക്കുകയായിരുന്നു. ഓമനയും ലോട്ടറി വിൽപനക്കാരിയാണ്.