
കാലടി: നരബലിക്കിരയായ റോസ്ലി തൃശൂർ പഴയന്നൂർ കണ്ടൻചിറപ്പടി അണക്കരക്കുണ്ടിൽ മേസ്തിരിപ്പണിക്കാരനായ സജീഷിനൊപ്പമാണ് (35) ഏതാനും വർഷങ്ങളായി താമസിച്ചിരുന്നത്. കാലടി ഗവ. ആശുപത്രിക്ക് സമീപത്തെ വാടകവീട്ടിൽ കഴിഞ്ഞ മേയിലാണ് ഇരുവരും താമസിക്കാനെത്തിയത്. ജൂൺ ആറ് മുതൽ റോസ്ലിയെ കാണാതായെങ്കിലും സജീഷ് താമസം തുടർന്നു. തൊട്ടടുത്ത് താമസിക്കുന്ന വീട്ടുടമയായ ലീല ടീച്ചർക്ക് കൃത്യമായി 4450 രൂപ മാസവാടകയും നൽകി. സജീഷിനെ ഇന്നലെ രാവിലെ മുതലാണ് കാണാതായതെന്ന് ലീല പറഞ്ഞു.
കാലടിയിലെ കൈപ്പട്ടൂർ, പൊതിയക്കര, മറ്റൂർ എന്നിവിടങ്ങളിലും മുമ്പ് റോസ്ലി താമസിച്ചിരുന്നു. ഒരിടത്തും ആരുമായും സൗഹൃദം സ്ഥാപിച്ചിരുന്നില്ല. ലീല ടീച്ചറുമായും സംസാരിച്ചിരുന്നില്ല. വാടക നൽകിയിരുന്നത് സജീഷാണ്. ആയുർവേദ മരുന്നുകൾ നടന്നു വിൽക്കുന്ന ജോലിയും റോസ്ലി നേരത്തേ ചെയ്തിരുന്നു. ലോട്ടറി വില്പനക്കാരിയായ ഒരു സ്ത്രീ റോസ്ലിയെ കാണാൻ എത്താറുണ്ടായിരുന്നെന്ന് മുമ്പ് താമസിച്ചിരുന്നിടത്തെ അയൽവാസികൾ പറഞ്ഞു.
ഓട്ടോറിക്ഷയിലാണ് റോസ്ലി വീട്ടിൽ വരികയും പോവുകയും ചെയ്തിരുന്നത്.